തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വിവാദത്തില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് സസ്‌പെന്‍ഷന്‍ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക ബന്ധത്തിന് അപ്പുറത്തേക്ക് അടുപ്പം പുലര്‍ത്തി, സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു, താത്പര്യക്കാരെ വിവിധ പദവികളില്‍ ചട്ടലംഘനം നടത്തി നിയമിച്ചു എന്നീ കുറ്റങ്ങളാണ് അന്വേഷണ സംഘം പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നത്.
ശിവശങ്കറിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി സി പി എം നേതാക്കളുമായും സി പി ഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനും മുന്നണിക്കും പ്രതിച്ഛായ നഷ്ടം വരുത്തുന്നതാകും ശിവശങ്കറിന്റെ ചെയ്തികളെന്ന് വിലയിരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.