കോഴിക്കോട്: കോവിഡ് 19 മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസ് നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം ലഭ്യമാകുന്നത്. ഇതിനാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയതായും, ഇന്ന് മുതല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞതായും ആസ്റ്റര്‍ മിംസ് സി. ഇ. ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ജര്‍മ്മനി ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായിട്ടും മരണ സംഖ്യ കുറയ്ക്കുവാന്‍ സാധിച്ചത് മുതിര്‍ന്ന പൗരന്മാര്‍ക്കായി കൃത്യമായി ആസൂത്രണം ചെയ്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കിയതാണ്.
മൂന്ന് രീതിയിലൂടെ നമുക്ക് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കാന്‍ സാധിക്കും. ഇതില്‍ ആദ്യത്തെത് വീട്ടിലിരുന്ന് സ്വയം ക്വാറന്റൈന്‍ സ്വീകരിക്കുക എന്നതാണ്. ഇത്തരത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ മെഡിക്കല്‍ പരിചരണവും അനുബന്ധ സേവനങ്ങളും ആസ്റ്റര്‍ സീനിയര്‍ റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി വീട്ടിലെത്തിച്ച് നല്‍കുന്നു.
ഹോട്ടലുകളില്‍ റിവേഴ്‌സ് ക്വാറന്റൈ്ന്‍ സ്വീകരിക്കാനുള്ള സംവിധാനമാണ് രണ്ടാമത്തേത്. ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളുമായി സഹകരിച്ച് റിവേഴ്‌സ് ക്വാറന്റൈനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഹോട്ടലുകളില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കുന്നവര്‍ക്ക് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും മുഴുവന്‍ സമയവും ഉറപ്പ് വരുത്തുന്നു.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം മുതലായ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ തന്നെ റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കുന്ന രീതിയാണ് മൂന്നാമത്തേത്. ഇതുപ്രകാരം ആവശ്യമായവര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റാകാവുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്‍ ഏരിയയിലാണ് ഇവര്‍ക്ക് താമസം സജ്ജമാക്കുന്നത്. മുഴുവന്‍ സമയവും ആശുപത്രിയുടെ നേരിട്ടുള്ള സേവനങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകുന്നു.
65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ ഫലപ്രദം അസുഖം വരാതെ സൂക്ഷിക്കുകയാണ് എന്ന പ്രാഥമിക യുക്തിയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം.