KERALAlocaltop news

കോഴിക്കോട്ടെ കോവിഡ് രോഗികള്‍ നാലായിരമായേക്കും, ബീച്ച് ആശുപത്രിയില്‍ ഇനി കോവിഡ് ചികിത്സ മാത്രം

കോഴിക്കോട്: നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ആഗസ്ത് മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ കേസുകള്‍ ഉണ്ടാവാനുളള സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയിലെ കോവിഡ് അവലോകനയോഗത്തില്‍ കലക്ടര്‍ എസ് സാംബശിവറാവു മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. ആരോഗ്യ വകുപ്പിന്റെ അനുമാന പ്രകാരം 2000 ആക്ടീവ് കേസുകളാണ് പ്രതീക്ഷിക്കുന്നത്. ബീച്ച് ആശുപത്രി കോവിഡ് സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍ ആയി മാറ്റാനുളള പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും.

വെന്റിലേറ്റര്‍, ഓക്‌സിജന്‍ സിലണ്ടര്‍

ആവശ്യമായ വെന്റിലേറ്ററുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. 23 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിന് എംഎല്‍എമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം ഇതിനകം ലഭ്യമായി. നിലവില്‍ 750 ഓക്‌സിജന്‍ സിലിണ്ടറുകളും 370 വെന്റിലേറ്ററുകളും ലഭ്യമാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും. 12 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസല്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

പഞ്ചായത്തില്‍ കെയര്‍ സെന്ററുകള്‍…

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയും സംരക്ഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഓരോ പഞ്ചായത്തിലും കോവിഡ് കെയര്‍സെന്ററുകള്‍ ആരംഭിക്കും. ചികിത്സ യോടൊപ്പം പാലിയേറ്റീവ് വോളണ്ടിയര്‍മാരുടെ പരിചരണവും ഇവിടെ ലഭ്യമാവും.

രോഗലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാം

പൊതുജനങ്ങള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തും. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ മുഖേന ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം…

ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹാര്‍ബറുകളില്‍
ചില്ലറവില്‍പന അനുവദിക്കില്ല.

കൊളത്തറയിലും വെള്ളയിലും വ്യാപനം കുറഞ്ഞു

ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. തൂണേരി ലാര്‍ജ് ക്ലസ്റ്ററായി തുടരുന്നു. നേരത്തെയുണ്ടായിരുന്ന കൊളത്തറ, വെള്ളയില്‍ ക്ലസ്റ്ററുകള്‍ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവായി. പുതുതായി മൂന്നു ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചെക്യാട്, ഒളവണ്ണ, പുതുപ്പാടി എന്നിവയാണ് ഇവ. തൂണേരി, വാണിമേല്‍, വടകര, വില്യാപ്പള്ളി, മീഞ്ചന്ത, ഏറാമല, നാദാപുരം, കല്ലായി എന്നിവയാണ് മറ്റു ക്ലസ്റ്ററുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close