തിരുവമ്പാടിയിലെ ഒരു കിണറും ഇത്തിരി ഓര്‍മകളും
ഇഗ്‌നേഷ്യസ് മാണി പൊന്നാമറ്റം
തിരുവമ്പാടി യുപി സ്‌കൂളിലെ കിണറ്റില്‍നിന്നും കുടിച്ചിട്ടുള്ള അമൃതജലത്തിന്റെ മാസ്മരിക ശക്തികൊണ്ടാകാം മൂന്നു മേജര്‍ സര്‍ജറിയും 106 cycles chemo (palliative ) എടുത്തിട്ടും ഇന്നും ഈ മനോഹരമായ പ്രപഞ്ചത്തില്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു. ഏഴു വര്‍ഷത്തോളം തുടര്‍ച്ചയായി, ഇന്ന് ലോകത് കിട്ടാവുന്ന എല്ലാ മരുന്നുകളും എന്നില്‍ പരീക്ഷിച്ചു കഴിഞ്ഞു. ഇനി പുതിയ മരുന്നില്ല. ഒരിക്കല്‍ മാത്രം കിട്ടുന്ന, ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത തീര്‍ത്തും ഒരു ദീര്‍ഘ സ്വപ്ന തുല്ല്യാമായാ, ഇനിയും ജീവിക്കാന്‍ കൊതിതോന്നുന്ന, സാമാന്യം തെറ്റില്ലാത്ത ആരോഗ്യത്തോടുകൂടി ഈ ജീവിതം ഇനിയും എത്രകാലം? കൂടാതെ എന്റെ അറിവ് വെച്ച് എന്റെ type of cancer റിന്റെ chemotherapy യില്‍ guinness world record (57 ) cross ചെയ്തുകൊണ്ട് ഞാന്‍ മുന്നേറുന്നതിന്റെ രഹസ്യവും ഈ കിണറ്റിലെ തീര്‍ത്ഥ ജലം കുടിച്ചതുകൊണ്ടാകാം എന്ന് തമാശക്കെങ്കിലും ബാല്യകാല ഓര്‍മകള്‍ക്കൊപ്പം തോന്നിപോകുന്നു.
1970 മുതല്‍ 1977 വരെ ഞാന്‍ പഠിച്ചത് ഈ സ്‌കൂളില്‍ ആണ് .ആ കാലഘട്ടങ്ങളില്‍ പഠിച്ചവര്‍ക്കു അറിയാം യുപി സ്‌കൂളിലെ കിണറിനേക്കുറിച്ഛ്. ഓര്‍മയില്‍ അന്നുള്ള മറ്റു കിണറുകളെ അപേക്ഷിച്ചു ഈ കിണര്‍ കാഴ്ചയില്‍ ഒട്ടും മോശമല്ലായിരുന്നു. ചുറ്റും അരഭിത്തി കെട്ടി സിമെന്റ്റുകൊണ്ടു തേച്ചിട്ടുള്ളതും കൂടാതെ കപ്പിയിടാന്‍ സ്റ്റീല്‍ പൈപ്പും.എന്റെ ഓര്‍മയില്‍ കിണര്‍ പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു.
ഇന്നത്തെ പോലെ അന്ന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ വാട്ടര്‍ബോട്ടില്‍ ഒന്നും ഇല്ല .രാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനുമുന്പായി അല്‍പ്പം വെള്ളം കുടിച്ചെങ്കില്‍ ആയി പിന്നെ 4 മണിവരെ ദാഹിച്ചാല്‍ ഈ കിണറാണ് ആശ്രയം.അന്നുള്ളവര്‍ക്ക് അറിയാം ഉച്ചഭക്ഷണം കഴിഞ്ഞു കുട്ടികള്‍ ഉപ്പുമാവും ചോറും കഴിച്ച പത്രങ്ങളും ആയി ഈ കിണറിന്റെ അടുത്തേക്ക് ഒരു ഓട്ടമാണ്. അങ്ങനെ പാത്രം കഴുകാന്‍ ഓടിവരുന്ന കുട്ടികള്‍ നമ്മള്‍ പറയാറുള്ളതുപോലെ കാക്കക്കൂട്ടില്‍ കല്ലിട്ടമാതിരി ഈ കിണറിനുചുറ്റും കൂടും പാത്രം ഒന്ന് കഴുകിയെന്നു വരുത്താനും, കൈ കഴുകാനും, ഇത്തിരിവെള്ളം കുടിക്കാനുമായി.
എല്ലാ കുട്ടികള്‍ക്കും കൂടി ഈ കിണറിനു ആകെ ഒരു കപ്പിയും ബക്കറ്റുമെയുള്ളു. ഈ ബക്കറ്റാണ് ഏക ആശ്രയം ഓരോപ്രാവശ്യവും ബക്കറ്റ് കിണറില്‍നിന്നും പുറത്തുവന്നാല്‍ ഉടനെ അഞ്ചാറ് പാത്രങ്ങള്‍ ഒന്നിച്ചിറങ്ങുകയായി ഈ ബക്കറ്റിലേക്കു. പാത്രങ്ങളില്‍ ഉള്ള ഭക്ഷണ അവശിഷ്ട്ടങ്ങള്‍ ഉപ്പുമാവിന്റെയും(അന്ന് ഇന്നത്തെ കഞ്ഞിക്കുപകരം അമേരിക്കന്‍ ഗോതമ്പും ഓയിലും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഉപ്പുമാവ് ആയിരുന്നു) ചോറിന്റ്റെയും കൂടാതെ കറികളുടേയും ചെറിയൊരംശം ഈ ബക്കറ്റില്‍ നിക്ഷേപിക്കും.അതുമായി ആ ബക്കറ്റു കിണറ്റിലേക്ക് ഇങ്ങനെ ഈ ബക്കറ്റ് വീണ്ടും കിണറ്റിലേക്ക് താഴുകയും പൊങ്ങുകയും ചെയ്യും. ഓരോ പ്രാവശ്യവും ബക്കറ്റ് തിരിച്ചു കിണറിലേക്ക് മടങ്ങുന്നത് മറ്റു കുട്ടികളുടെ ഭക്ഷണ ഭാഗവുമായിട്ടാണ്. ഇത് ദിവസങ്ങളും മാസങ്ങളും തുടരുന്നു വര്‍ഷത്തിലൊരിക്കലെങ്കിലും ഈ കിണര്‍ വറ്റിക്കാറുണ്ടായിരുന്നെന്നു തോന്നുന്നില്ല .എപ്പോഴെങ്കിലും ഒന്ന് ചെയ്താലായി . ഇതാണ് അന്ന് ഈ കിണറിനെ മറ്റു കിണറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഇങ്ങനെ വരുന്ന ഭക്ഷണ ഭാഗങ്ങളും കാക്കകള്‍ വിസര്‍ജിക്കുന്നതും അതുകൊണ്ടുവന്നിടുന്നതുമായ സാധനങ്ങളും. അന്ന് ധാരാളം കാക്കകള്‍ ഉണ്ടായിരുന്നു. കൂടതെ അടുത്തുള്ള പല മരങ്ങളുടെ ഇലകളും കാറ്റത്തു ഈ
കിണറ്റിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതുകൂടാതെ എന്റെ ഓര്‍മയില്‍ കിണറിന്റെ ഉള്‍ഭാഗം വെട്ടുകല്ലുകൊണ്ടു കെട്ടിയതും ഓരോ പടവിലും പലതരത്തിലുള്ള പുല്‍ച്ചെടികളും വളരുന്നുണ്ടായിരുന്നു. ഒരുപക്ഷേ മെഡിസിനല്‍ വാല്യൂ ഉള്ള ചെടികളും ഇക്കൂട്ടത്തില്‍ കാണുമായിരിന്നിരിക്കണം.ഇതില്‍നിന്നുള്ള പച്ചയും പഴുത്തുണങ്ങിയതുമായ ഇലകളും ഒരു സീസണ്‍ കഴിയുമ്പോള്‍ ഉണങ്ങി വേരോടുകൂടിത്തന്നെ ഈ ചെറു സസ്യം മറ്റു പോകാന്‍ വഴിയില്ലാതെ ഈ കിണറ്റില്‍ തന്നെ പതിക്കും.
ഇതെല്ലം കൂടി മാസങ്ങള്‍ കഴിയുമ്പോള്‍ പലതരത്തിലുള്ള രാസപരിണാമങ്ങള്‍ സംഭവിച്ചു ഈ കിണറ്റിലെ വെള്ളത്തെ അമൃതജലമാക്കിയിട്ടുണ്ടാകണം. ഈ പാനിയം(ഇങ്ങനെ പറയുന്നതാകാം ശരി) വര്‍ഷങ്ങള്‍ കുടിച്ചതുകൊണ്ടാകാം എനിക്ക് ഇത്രമാത്രം പ്രതിരോധ ശക്തി കിട്ടിയെതെന്നു എന്റെ കുട്ടികാലത്തെകുറിച്ചു ഓര്‍ക്കുമ്പോള്‍
എനിക്ക് തോന്നിപോകുന്നു.
അന്നത്തെ ഉത്തരവാദിത്തപെട്ടവര്‍ ആര്‍ക്കെങ്കിലും ഒരു ടാങ്ക് കെട്ടി നാലോ അഞ്ചോ ടാപ്പ് ഫിറ്റു ചെയ്യാന്‍ കഴിഞ്ഞില്ലാലോ. മോട്ടര്‍ ഇല്ലങ്കിലും കുട്ടികളോട് പറഞ്ഞാല്‍ അവര്‍ വെള്ളം കോരി ടാങ്ക് നിറക്കുമായിരുന്നു അങ്ങനെ ആര്‍ക്കും തോന്നിയില്ലല്ലോ എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ല കാരണം അതായിരുന്നു ആ കാലം.
ഗ്രാമങ്ങള്‍ ആണ് ഒരു രാജ്യത്തിന്റെ ഹൃദയങ്ങളെങ്കിലും 1981 ല്‍ ഈ മനോഹര ഗ്രാമം വിട്ടു കോഴിക്കോട്ടേക്കു മാറേണ്ടിവന്നു. എല്ലാവരുടെയും പോലെ എന്റെ ഓര്‍മയില്‍ ഇന്നുമാ എണ്ണാന്‍ കഴിയാത്രയത്ര ബാല്യകാല ഓര്‍മ്മകളും അതില്‍ ഒന്ന് ഞാന്‍ ഇവിടെ കുറിച്ചെന്നെ ഉള്ളു. കൂടാതെ ഓര്‍മകളില്‍ എന്റെ ബാല്യകാല സുഹൃത്തുക്കളും അന്നത്തെ നാടും കടന്നുവരും.അവരില്‍ വളരെ കുറച്ചുപേരെ കണ്ടിട്ടുണ്ട് മറ്റുള്ളവര്‍ എങ്ങിനെയെന്നറിവാന്‍ ആഗ്രഹമുണ്ട്. സ്വച്ഛന്ദ സുന്ദരമായ, ഓര്‍മ്മിക്കാന്‍ കൊതിക്കുന്ന ആ പോയ ബാല്യ കാലം എന്നോടൊപ്പം അനശ്വരതയില്‍ എന്നന്നേക്കുമായി പോയ് മറയും.
(പി ജെ മാണിയുടെയും റോസമ്മ പൊന്നാമറ്റത്തിന്റെ മകനായ ലേഖകന്‍ ഇഗ്നേഷ്യസ് മാണി (സാബു55) കഴിഞ്ഞ ദിവസം അന്തരിച്ചു. മൃത സംസ്‌കാരം ജൂലൈ 28 ചൊവ്വാഴ്ച രണ്ട് മണിക്ക് കാന്‍ബറ (ഓസ്‌ട്രേലിയ) സെന്റ് അല്‍ഫോണ്‍സാ പള്ളിയില്‍)