HealthKERALAlocalTechnologytop news
സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം
സന്ദർശക രജിസ്റ്റര്‍ ഇനി കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ സജ്ജം
കോഴിക്കോട് : കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നു പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇനി തല പുകയ്‌ക്കേണ്ട. ജില്ലാ ഭരണകൂടം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ കൂട്ടിചേര്‍ത്ത ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ല്‍ രജിസ്റ്റര്‍ ചെയ്യൂ; ഒരു ക്യുആര്‍ കോഡ് സ്‌കാനിങ്ങിലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം രേഖപ്പെടുത്താന്‍ കഴിയും. സ്ഥാപനങ്ങളില്‍ വന്നു പോയവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായാല്‍, സമ്പര്‍ക്കത്തില്‍പ്പെട്ടവരെ വളരെ പെട്ടന്ന് കണ്ടുപിടിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് ഏറെ സഹായമാകുന്നതാണ് പുതിയ സംവിധാനം. ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസ്’ വ്യാഴാഴ്ച പോര്‍ട്ടലില്‍ സജ്ജമായി.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഒരു യുസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഈ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളില്‍ വെക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളിലെത്തുന്നവര്‍ അവരുടെ മൊബൈല്‍ഫോണ്‍ വഴി (ക്യൂആര്‍ കോഡ് സ്‌കാനര്‍ വഴിയോ ഫോണ്‍ ക്യാമറ വഴിയോ) ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വിവരങ്ങള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇവരുടെ വിവരങ്ങള്‍ രജിസ്റ്ററാകും. പൊതു ഇടങ്ങളില്‍ എത്തുന്നവരില്‍, കൊവിഡ് പോസിറ്റാവുന്നവരെ ഉടന്‍ കണ്ടെത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇവരുടെ സഞ്ചാരപഥം തിരിച്ചറിയാനും ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ലൂടെ കഴിയും.
കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലാക്കിയ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ സംസ്ഥാനം ഏറ്റടുത്തിരുന്നു. ജില്ലയിലേക്ക് വരുന്നവരെ കുറിച്ചുള്ള വിവര ശേഖരണവും ആരോഗ്യനില വിലയിരുത്തലുമായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ഇത് വിജയകരമായതോടെ സംസ്ഥാന തലത്തിലും ഏറ്റെടുത്തു. പിന്നീട് ചരക്കു-യാത്രാ വാഹനങ്ങളുടെ പാസുകള്‍, അന്തര്‍ജില്ലാ യാത്രകള്‍ക്കുള്ള പാസുകള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ പോര്‍ട്ടല്‍ വിവിധ സമയങ്ങളില്‍ അപ്‌ഡേഷന്‍ നടത്തി ഇപ്പോള്‍ നിരവധി സേവനങ്ങളാണ് നല്‍കുന്നത്.
ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാ(എന്‍ഐസി)ണ് കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ തയ്യാറാക്കിയത്. എന്‍ഐസി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ മേഴ്‌സി സെബാസ്റ്റിയന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ടി ഡി റോളി, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണന്‍, പ്രോഗ്രാമര്‍മാരായ പ്രീത വിജയന്‍, മുഹമ്മദ് റംഷാദ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍മാരായ വിമല്‍ വി നായര്‍, ഷാ നിയാസ്, അമല്‍ ജോസഫ് എന്നിവരാണ് കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിന്റെ പുതിയ സംവിധാനം രൂപപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.