ബാബു ചെറിയാന്‍
കോഴിക്കോട്
50 വയസുകഴിഞ്ഞ പോലീസുകാരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നിലനില്‍ക്കെ വിരമിക്കാറായവരെ വരെ പുറം ഡ്യൂട്ടിക്കയച്ച് മേലുദ്യോഗസ്ഥര്‍. ട്രാഫിക് ഡ്യൂട്ടി, പെറ്റികേസ് പിടുത്തം, ദൂരെ സ്ഥലങ്ങളില്‍ പോയി അന്വേഷണം തുടങ്ങി ജനക്കൂട്ടങ്ങളുമായി ഇടപഴകുന്ന ഡ്യൂട്ടിക്ക് 50 കഴിഞ്ഞ പോലീസുകാരെ നിയോഗിക്കുന്നത് തുടരുകയാണ്.
‘കോവിഡ് ബാധിച്ച് ഇടുക്കി സ്‌പെഷല്‍ബ്രാഞ്ച് എസ് ഐ തൊടുപുഴ പൂച്ചപ്ര വരമ്പനാല്‍ വി.പി. അജിതന്‍(55) മരിച്ച സാഹചര്യം കണക്കിലെടുത്താണ് കര്‍ശന മാര്‍ഗനിര്‍ദ്ദേശവുമായി ഡിജിപി ലോക് നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇമെയിലില്‍ ഉത്തരവ് അയച്ചതിനുശേഷവും 50 കഴിഞ്ഞവരെ നിര്‍ദാഷിണ്യം പുറം ഡ്യൂട്ടിക്ക് നിയോഗിക്കുകയാണെന്ന് പോലീസുകാര്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ റാങ്കിന് കീഴിലുള്ള ഗ്രേഡ് എസ് ഐ മാര്‍, എ എസ് ഐ മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് 50 കഴിഞ്ഞ പോലീസുകാര്‍. റൂറല്‍ മേഖലയിലാണ് ഇത്തരം പോലീസുകാര്‍ കൂടുതലും നിയോഗിക്കപ്പെടുന്നത്.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസറാണ് ( എസ്എച്ഒ) ഓരോ സ്‌റ്റേഷനിലേയും ഡ്യൂട്ടി നിശ്ചയിക്കുക. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥരായ ജില്ലാ പോലീസ് മേധാവിമാരാകട്ടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. കോഴിക്കോട്ട് കഴിഞ്ഞ ദിവസം പോലീസുകാര്‍ക്കായി നടത്തിയ കോ വിഡ് പരിശോധനയില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി.ഇതേ തുടര്‍ന്ന് പിങ്ക് പോലീസ് സംവിധാനം തത്ക്കാലം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും 50 കഴിഞ്ഞവരെ ഇപ്പോഴും പുറം ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. 50 കഴിഞ്ഞവരെ യാതൊരുവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കരുത്, എന്തെങ്കിലും കാര്യമായ രോഗമുള്ളവരെ ഒരു കാരണവശാലും പുറം ഡ്യൂട്ടിക്ക് നിയോഗിക്കരുത്, ഇത്തരക്കാരെ സ്‌റ്റേഷന്‍ ഡ്യൂട്ടിക്കോ, മറ്റ് ഓഫീസ് ഡ്യൂട്ടികള്‍ക്കോ നിയോഗിക്കണം, കോവിഡ് ബാധ പോലീസുകാരെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം എന്നിങ്ങനെയാണ് ഡിജിപിയുടെ ഉത്തരവ്.
ഈ ഉത്തരവ് നടപ്പിലാക്കാത്തതില്‍ 50 കഴിഞ്ഞ പോലീസുകാരും അവരുടെ കുടുംബങ്ങളും അസ്വസ്ഥരാണ്. വിവിധ പോലീസ് ജില്ലകളില്‍ നിന്നുള്ള 69 പേര്‍ക്കും, സ്‌പെഷല്‍ യൂനിറ്റില്‍ നിന്നുള്ള എട്ടുപേര്‍ക്കും ,. ബറ്റാലിയനുകളില്‍ നിന്നുള്ള 15 പേര്‍ക്കുമടക്കം നൂറോളം പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ഇതുവരെയുള്ള കണക്ക്.