കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരന്‍ (78) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. അഖണ്ഡ ജ്യോതി മാസിക പത്രാധിപരും എന്‍ബിടി മുന്‍ അംഗവുമായിരുന്നു.
തൃശൂര്‍ ജില്ലയില്‍ തളിക്കുളം പുളിക്കല്‍ കുഞ്ഞന്റെയും അമ്മാളുവിന്റെയും അഞ്ചാമത്തെ മകനായി 1942 ലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം തളിക്കുളം എസ്എന്‍കെഎല്‍പി സ്കൂളിലായിരുന്നു. തുടര്‍ന്ന് നാട്ടിക ഫിഷറീസ് ഹൈസ്കൂള്‍, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജ് എന്നിവിടങ്ങളില്‍ പഠനം. ബിഎ ബിരുദമെടുത്തതിന് ശേഷം 1968ല്‍ കേസരി വാരികയില്‍ സബ് എഡിറ്ററായി ജോലിയില്‍ ചേര്‍ന്നു. 2002 ല്‍ കേസരി വാരികയുടെ പത്രാധിപരായാണ് നിന്ന് വിരമിച്ചത്.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ ടാഗോര്‍ ജന്മശതാബ്ദി സംബന്ധിച്ച് നടന്ന സാഹിത്യ മത്സരത്തില്‍ പുരസ്കാരത്തിന് അര്‍ഹനായി. ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന സുകുമാരന്‍ 1975-76 കാലഘട്ടത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ കേരളത്തിന്റെ കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഘകഥ (ആര്‍എസ്എസ്സിന്റെ ചരിത്രം), ബങ്കിം ചന്ദ്രന്റെ ആനന്ദമഠം (നോവല്‍), ഭാരതവിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പാര്‍ട്ടീഷ്യന്‍ ഡെയ്സ്, ആന്‍ ഇന്‍ട്രൊഡൊക്ഷന്‍ ടു വേദാസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. 2007 ല്‍ പ്രസിദ്ധീകരിച്ച രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ 2010 ല്‍ പ്രസിദ്ധീകരിച്ച പ്രകൃതി ആത്മനാശനത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെയും കര്‍ത്താവാണ്. 1999 മുതല്‍ മൂന്ന് വര്‍ഷക്കാലം നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ (എന്‍ബിടി) കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയായിരുന്നു.
കോഴിക്കോട് ബിലാത്തികുളം ഹൗസിംഗ് കോളനിയിലായിരുന്നു താമസം. ഭാര്യ പരേതയായ കെ. സൈരന്ധ്രി (പ്രിന്‍സിപ്പല്‍, പിവിഎസ്. കോളേജ്, കോഴിക്കോട്). മക്കള്‍: നിവേദിത (കാനഡ), ജയലക്ഷ്മി(ബംഗലുരു). മരുമക്കള്‍: നിഷാന്ത് (കാനഡ), പരാഗ് (യുഎസ്എ). സഹോദരങ്ങള്‍: സുബ്രഹ്മണ്യന്, പരേതരായ ബാലന്, ദാമോദരന്‍, ഭാസ്ക്കരന്‍, ചന്ദ്രശേഖരന്, ലീലാമണി.
പി.കെ. സുകുമാരന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്. മധു എന്നിവര്‍ അനുശോചിച്ചു.