കോഴിക്കോട്: തലക്കുളത്തൂരില്‍ പ്രവര്‍ത്തിച്ച് വരുന്ന കൊപ്ര വ്യാപാര സ്ഥാപനമായ അതുല്‍ ട്രേഡേഴ്‌സില്‍ നടന്ന സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് പരിശോധനയില്‍ എട്ട് കോടിയുടെ അനധികൃത കൊപ്ര വില്‍പ്പന കണ്ടെത്തി. ഇവര്‍ വാങ്ങുന്ന കൊപ്ര ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തമിഴ്‌നാട്ടിലുള്ള സ്ഥാപനത്തില്‍ നിന്നും കേരളത്തിലേക്ക് വില്‍പന നടത്തിയതായി കാണിക്കുകയും ആ വാങ്ങലില്‍ മേല്‍ ഉള്ള ഐ ജി എസ് ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തലക്കുളത്തൂരിലെ സ്ഥാപനം വ്യാജമായി എടുത്ത് നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു.
ഈ വ്യാജ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ച് ഇവിടെ അടയ്‌ക്കേണ്ട നികുതി ബാധ്യത കുറച്ച് കാണിക്കുകയും ഈ കൊപ്ര പിന്നീട് കേരളത്തില്‍ തന്നെ ഉള്ള വിവിധ ഓയില്‍ മില്ലുകള്‍ക്ക് വില്‍പ്പന നടത്തുകയും ആയിരുന്നു ചെയ്തു വന്നിരുന്നത്.
എന്നാല്‍ ഇവരുടെ തമിഴ്‌നാട്ടിലെ സ്ഥാപനം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയോ നികുതി അടക്കുകയോ ചെയ്തിരുന്നില്ല. വില്‍പ്പന നടത്തിയ വ്യാപാരി നികുതി അടക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ അവരില്‍ സാധനമോ സേവനമോ സ്വീകരിച്ച വ്യാപാരിക്കു ആ വാങ്ങലിന്‍ മേല്‍ ഇന്പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ ജി എസ് ടി നിയമം അനുവദിക്കുന്നില്ല.
അതേ സമയം ഇവിടെ നിന്നും കേരളത്തിന് പുറത്തേക്ക് വിറ്റ ചരക്ക് മുഴുവന്‍ കേരളത്തിലെ ചെറുകിട വ്യാപാരികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമായി നികുതി നല്‍കാതെ സംഭരിച്ചവ ആയിരുന്നു. നികുതിയും പെനാല്‍റ്റി യും ആയി അരക്കോടിയോളം രൂപ ഈടാക്കി. കൂടുതല്‍ പരിശോധനക്കായി രേഖകള്‍ പിടിച്ചെടുത്തു.