Politics

കള്ളനെ കൈയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളത് : രമേശ് ചെന്നിത്തല

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയനെതിരേ  ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി. ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ കള്ളനെ കയ്യോടെ  പിടിച്ചപ്പോള്‍ ഉള്ള ജാള്യതായാണ് പിണറായി  വിജയനുള്ളതെന്ന് ചെന്നിത്തല കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നിന് പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ മീന്‍ വളര്‍ത്തലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രസംഗം വെറും നോക്കി വായിക്കല്‍ മാത്രമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഫയലുകളും ചോദിക്കുമ്പോള്‍ തരാന്‍ തയ്യാറാവുന്നില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ല,  ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കള്ളികള്‍ കൂടുതല്‍ പുറത്താവുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഫയലുകള്‍ തരാത്തത്. സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സെക്രട്ടേറിയറ്റിലെ  ഫയലുകള്‍ നടന്ന് പോയി കത്തിയതല്ല. ഇത്  പോലെ ഒരു തീപിടിത്തം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സെന്‍ട്രലൈസ് എ.സി ഉള്ളിടത്ത് എന്തിനാണ് പഴക്കം ചെന്ന ഫാന്‍  കൊണ്ട് വെച്ചത്. ഉരുകിയൊലിച്ച് താഴെ വന്ന് തീപിടിച്ചുവെന്നൊക്കെയാണ് പറയുന്നത്. ഇത്രയും വിചിത്രമായ തീപിടിത്തം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ്  നിര്‍മാണത്തില്‍ സര്‍വത്ര അഴിമതിയാണ്. ഞാന്‍ അവിടെ  സന്ദര്‍ശിച്ചിട്ടാണ് വരുന്നത്. ഒര്  കാറ്റടിച്ചാല്‍ താഴെ പോവുന്നതാണ് ഫ്‌ളാറ്റ് സമുച്ചയം. അത്രയും ദുര്‍ബലമായ കോണ്‍ക്രീറ്റാണ് നടന്നത്. അതിനെ പറ്റി മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മുഖ്യന്ത്രി ഒന്നും പറയുന്നില്ല. എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ്. ജനങ്ങളെ കളിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയും പരിവാരങ്ങളും ഗള്‍ഫില്‍ പോയപ്പോള്‍ അവിടെ വെച്ച് കോടിക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങളുണ്ടായിരുന്നു. അതില്‍ സ്വപ്‌ന ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. വാഗ്ദാനത്തില്‍ എത്ര കിട്ടിയെന്ന് വ്യക്തമാക്കണം. ഈ പണം എങ്ങോട്ട് പോയെന്നും വ്യക്തമാക്കണം. റെഡ് ക്രസന്റിന്റെ മാതൃസംഘടനായ രാജ്യത്തെ റെഡ്‌ക്രോസ് അറിയാതെയാണ് പണമെത്തിയത്. ഒരു എം.പിക്ക് വിദേശത്ത്  പോവണമെങ്കില്‍ പോലും കേന്ദ്രത്തിന്റെ ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു നിയമം നിലനില്‍ക്കുമ്പോഴാണ് ഇരുപത് കോടി ഒരു കണക്കുമില്ലാതെ എത്തിയിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close