കോഴിക്കോട്: കോഴിമുട്ട മൊത്തമായി മോഷ്ടിച്ച് ആദായവില്‍പ്പന:പ്രതി രണ്ടുമണിക്കൂറിനകം പിടിയില്‍. കോഴിക്കോട്: കോഴിമുട്ട മൊത്ത വില്‍പ്പന കേന്ദ്രം കുത്തിതുറന്ന് ട്രേയടക്കം മോഷ്ടിച്ച മുട്ടകള്‍ പകുതിവിലയ്ക്ക് ആദായവില്‍പ്പന നടത്തിയ ആളെ കസബ പോലിസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിസ് റോഡ് കമ്മാടത്ത് തോപ്പ് പറമ്പ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയില്‍ വട്ടാംപൊയില്‍ റെയില്‍വെ ഗേറ്റിനടുത്ത് പ്രവര്‍ത്തിക്കുന്ന കോഴിമുട്ട ഹോള്‍സെയില്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷ്ടിച്ച രണ്ടായിരത്തിലധികം കോഴിമുട്ടകള്‍ മീഞ്ചന്തയ്ക്ക് സമീപം ആദായവില്‍പ്പന നടത്തുകയായിരുന്ന ഫ്രാന്‍സിസ് റോഡ് സ്വദേശി ചങ്ങുപാലം പറമ്പ് ഹൗസില്‍ സി.പി. കമറുദ്ദീനെ (55) യാണ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മണിക്കൂറിനകം കസബ എസ് ഐ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
4.50 വിലയുള്ള മുട്ട മൂന്ന് രൂപക്ക് വിറ്റ് മാതൃകയായി!!
ബാക്കിയുള്ള രണ്ടായിരത്തോളം കോഴിമുട്ടയും കടത്താനുപയോഗിച്ച പ്രതിയുടെ KL 11 AM 1
956 നമ്പര്‍ ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. 4.50രൂപ മൊത്തവിലയുള്ള മുട്ടയൊന്നിന് മൂന്നു രൂപ തോതിലാണ് ഇയാള്‍ ആദായവില്‍പ്പന നടത്തിവന്നത്. മൊയ്തീന്‍ കോയയുടെ കടയില്‍ നിന്ന് മുന്‍പും വന്‍തോതില്‍ മുട്ട മോഷണം പോയിരുന്നു. മോഷണശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ കട നിരീക്ഷിക്കാന്‍ ഇദ്ദേഹം വട്ടാംപൊയാല്‍ റെയില്‍വെ ഗേറ്റ് കീപ്പറുടെ സഹായം തേടിയിരുന്നു. ഇന്നലെ രാത്രി കട തുറക്കുന്നത് അകലെയുള്ള റെയില്‍വെ ഗേറ്റ് കാബിനിലിരുന്ന് കണ്ട ഗേറ്റ് കീപ്പര്‍ ആരാണെന്ന് വിളിച്ചു ചോദിച്ചു.ഉടമ തന്നെയാണെന്നായിരുന്നു മറുപടി. ശബ്ദത്തില്‍ വ്യത്യാസം തോന്നിയ ഗേറ്റ് കീപ്പര്‍ ഓടിവരുമ്പോള്‍ ഒരു ഓട്ടോറിക്ഷ ശരവേഗതയില്‍ ഓടിച്ചു പോകുന്നത് കണ്ടു.
ഓട്ടോ ഡ്രൈവര്‍മാരുടെ വാട്‌സാപ് ഗ്രൂപ്പ് തുണച്ചു…
ഇന്നു രാവിലെ കടയിലെത്തിയപ്പോള്‍ മോഷണവിവരം മനസിലായ മൊയ്തീന്‍ കോയ കസബ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് എസ് ഐ സിജിത്ത് ഈ വിവരം ഓട്ടോ െ്രെഡവര്‍മാരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു.അങ്ങനെയാണ് മീഞ്ചന്തയ്ക്ക് സമീപം മുട്ടകള്‍ ഓട്ടോയില്‍ ആദായവില്‍പ്പന നടത്തുന്ന വിവരം ലഭിച്ചത്. പോലിസ് കുതിച്ചെത്തുമ്പോള്‍ തകൃതിയായ ആദായവില്‍പ്പന നടക്കുകയായിരുന്നു. ട്രേയടക്കമാണ് മുട്ടകള്‍ വിറ്റിരുന്നത്. മുന്‍പും മൊയ്തീന്‍ കോയയുടെ കടയില്‍ നിന്ന് പലതവണ മുട്ടകള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. കോവിഡ് മൂലം തൊഴില്‍ കുറഞ്ഞതോടെയാണ് ഇയാള്‍ മുട്ടമോഷണ ആദായവില്‍പ്പനയിലേക്ക് തിരിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.