KERALAlocaltop news

പൂവന്‍മലയില്‍ വന്‍ ചാരായ വേട്ട; മൂവര്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

* 55.5 ലിറ്റര്‍ ചാരായവും 175 ലിറ്റര്‍ വാഷും പിടികൂടി

  • കോഴിക്കോട്:  താമരശേരിക്കടുത്ത  കട്ടിപ്പാറ ചമല്‍ പൂവന്‍മലയില്‍  വന്‍ ചാരായ വേട്ട. നിയമസഭ തിരെഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശേരി എക്സൈസ് നടത്തിയ റെയ്ഡില്‍ ചായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന മൂവര്‍ സഘത്തിലെ ഒരാള്‍ പിടിയിലായി. കട്ടിപ്പാറ ചമല്‍ കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി(37) ആണ് പിടിയിലായത്. ചാരായം വാറ്റികൊണ്ടിരിക്കെ എക്സൈസ് സംഘത്തെ കണ്ട് പിന്തിരിഞ്ഞു ഓടാന്‍ ശ്രമിക്കവെയാണ് റാഫിയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന പൂവന്‍ മല  രഞ്ജിത്ത് (34), പൂവന്‍മല ഗിരീഷ് (33)എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  55.5 ലിറ്റര്‍ ചാരായവും  175 ലിറ്റര്‍ വാഷും 30 ലിറ്റര്‍ സ്‌പെന്‍ഡ് വാഷും ഗ്യാസ് സ്റ്റൗവും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.

    കഴിഞ്ഞ മാസവും ഇവിടുന്ന് 1500 ലിറ്റര്‍ വാഷും 46 ലിറ്റര്‍ ചാരായവും വാറ്റുഉപകരണങ്ങളും പിടികൂടിയിരുന്നു. ചാരായം വാറ്റാന്‍ മലയിലേക്ക് കയറുന്നതിനു മുമ്പായി മലയിലേക്കുള്ള വിവിധ വഴികളില്‍ ഇവര്‍ നിരീക്ഷണത്തിനായി ആളുകളെ നിയോഗിക്കാറുണ്ട്. രണ്ട് കിലോമീറ്ററോളം ചെങ്കുത്തായ വഴികളിലൂടെ എക്സൈസ് സംഘം നടന്നെത്തുമ്പോഴേക്കും വാറ്റികൊണ്ടിരിക്കുന്നവര്‍ രക്ഷപെടാറാണ് പതിവ്. ഇത്തവണ അതിസാഹസികമായി നിരീക്ഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചു രഹസ്യ വഴികളിലൂടെ  മലയില്‍ കയറി  മണിക്കൂറുകളോളം കാത്തിരുന്നാണ് വാറ്റ്  സംഘത്തെ പിടികൂടിയത്.
    പ്രതിയെ ചോദ്യം ചെയ്തതില്‍ പൂവന്മല കേന്ദ്രീകരിച്ചു ചാരായം വാറ്റുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. താമരശേരിയുടെ വിവിധ ഭാഗങ്ങളിലാണ് ചാരായം വില്‍പ്പന നടത്തുന്നത്. താമരശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ.ഷാജിയുടെ നേതൃത്വത്തില്‍ സിഇഒ മാരായ ടി.വി.നൗഷീര്‍, പി.ശ്രീരാജ്, എസ്.സുജില്‍, പി.ജെ.മനോജ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close