മുക്കം: കൊടിയത്തൂരിലെ വീട്ടില്‍ ഹോം നഴ്‌സായി ജോലി ചെയ്യുന്നതിനിടെ പ്രായമായ വീട്ടുടമസ്ഥയുടെ ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണവളയും വീട്ടിലുണ്ടായിരുന്ന സാംസങ് കമ്പനിയുടെ ടാബ്ലെറ്റും മോഷ്ടിച്ചു കടന്ന കേസില്‍ പ്രതി കോട്ടയം കുറുപ്പന്തറക്കവല മാഞ്ഞൂര്‍ സ്വദേശി അതുല്യയെ (24) മുക്കം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോട്ടയത്ത് പ്രതിയുടെ വീട്ടില്‍ വെച്ചു അറസ്റ്റ് ചെയ്തു. രണ്ടു മാസം മുന്‍പ് കൊടിയത്തൂരിലെ വീട്ടില്‍ ഹോം നേഴ്‌സ് ആയി ജോലിക്കെത്തിയതായിരുന്നു പ്രതിയായ അതുല്യ. പ്രായമായ ദമ്പതികളുടെ വീട്ടിലെ അസുഖമായി കിടക്കുന്ന വീട്ടുടമസ്ഥനെ പരിചരിക്കാനാണ് മലപ്പുറം താനൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ ഹോം നഴ്‌സിനെ നിയമിച്ചിരുന്നത്. രണ്ടുമാസത്തോളം അവിടെ താമസിച്ചു ജോലി ചെയ്തു വരുന്നതിനിടയില്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ പ്രതി ജോലി ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ടാബ്ലറ്റ് കാണാതായതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന വീട്ടുടമസ്ഥയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണവളയും കാണാതായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് വീട്ടുടമസ്ഥ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതിയെകുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച വൈകുന്നേരത്തോടുകൂടി കോട്ടയം കുറുപ്പന്തറയിലുള്ള പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയതില്‍ കളവുചെയ്ത സ്വര്‍ണ്ണവള പ്രതിയുടെ കയ്യില്‍ ധരിച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കളവു ചെയ്ത ടാബ്ലെറ്റും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. പ്രതിയുമായി ശനിയാഴ്ച പുലര്‍ച്ചെ മുക്കത്തെത്തിയ അന്വേഷണ സംഘം കൊടിയത്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം ഉച്ചയോടെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍പരിചയമില്ലാത്ത ആളുകളെ പ്രായമായ ആളുകള്‍ മാത്രമുള്ള വീടുകളില്‍ ജോലിക്കു നിര്‍ത്തുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ആവശ്യപ്പെടണമെന്നും ഇത് ജോലിക്കു വരുന്ന ആളുകള്‍ മുന്‍പ് കുറ്റം കൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സഹായിക്കുമെന്നും മുക്കം പോലീസ് അറിയിച്ചു.
മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ ഷാജിദിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ രജീഷ്, ഷെഫീഖ് നീലിയാനിക്കല്‍, ജയന്തിറീജ, സുഭാഷ്, ഷൈജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി കളവുമുതലുകള്‍ കണ്ടെടുത്തത്.