മുക്കം: ലോക്ഡൌണ്‍ ലംഘനത്തിനു മുക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുക്കം ഗോതമ്പറോഡ് സ്വദേശിക്കു കനത്ത പിഴ. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അബ്ദുല്‍ റഹിം.എം ആണ് ശിക്ഷ വിധിച്ചത്. കൊറോണ വൈറസ് വ്യാപനം ശക്തമായതോടു കൂടി മാര്‍ച്ച് മാസം അവസാനത്തോടുകൂടി സര്‍ക്കാര്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. ആയതു ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
അതിനിടിയില്‍ വിവിധ സ്ഥലങ്ങളില്‍ ലോക്ക്‌ഡൌണ്‍ ലംഘിച്ചു പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അത്തരത്തില്‍ മുക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുക്കം ഗോതമ്പറോഡ് സ്വദേശിക്ക് വന്‍തുക പിഴയായി കോടതിയില്‍ അടക്കേണ്ടി വന്നത്.
തുടക്കത്തില്‍ ലോക്ഡൌണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായിരുന്നെങ്കിലും വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു.
നാലു സബ്-ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് നിയമലംഘകരെ കണ്ടെത്തുന്നതിനായി മുക്കം പോലീസ് പട്രോളിങ് നടത്തുന്നത്. ഇതിനു പുറമെ സംശയം തോന്നുന്ന സ്ഥലങ്ങളിലും നിയമലംഘനം നടക്കുന്നതായി രഹസ്യ വിവരം ലഭിക്കുന്ന സ്ഥലങ്ങളിലും മിന്നല്‍ പരിശോധന നടത്തുന്നതിന് മഫ്തി പട്രോളിങ് പാര്‍ട്ടിയും നിലവിലുണ്ട്.