വടകര: ഭാവിയില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ വേണ്ടാത്ത രീതിയിലേക്ക് നാടിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വടകര ഗവ.ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ വന്നതിന്ശേഷം 67 ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും വേണ്ടിവരും. എന്നാല്‍ ഭാവിയില്‍ ഇതൊഴിവാക്കണം. ജീവിതശൈലീരോഗങ്ങളാണ് വൃക്കരോഗത്തിലേക്കും ഡയാലിസിസലേക്കും നയിക്കുന്നത്. ഇത് നേരത്തെതന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന് ഊന്നല്‍ നല്‍കിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുബാരോഗ്യകേന്ദ്രങ്ങളാക്കുന്നത്. 360 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇങ്ങനെ മാറ്റി. ഇനിയും മാറ്റേണ്ടതുണ്ട്. ഭാവിയില്‍ ആരോഗ്യമേഖലയില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കോവിഡ് വന്നത്. കേരളത്തില്‍ പൊതുവെ മരണനിരക്ക് കുറവാണെങ്കിലും നാം പേടിക്കണം. പ്രായമുള്ളവരും ജീവിതശൈലീരോഗങ്ങളുള്ളവരും കേരളത്തില്‍ കൂടുതലാണ്. അതുകൊണ്ട് മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറന്മുള സംഭവം വലിയ മനഃപ്രയാസമുണ്ടാക്കിയതായി മന്ത്രി വ്യക്തമാക്കി. ഒരിക്കലും ഒരു ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിട്ടില്ല. ഒറ്റയ്ക്ക് ഒരു സ്ത്രീയെ കാണുമ്പോള്‍ ആക്രമിക്കാമെന്ന മനോഭാവം ശരിയല്ല. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് മൂന്നുനില കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നിലവില്‍ 59 രോഗികള്‍ക്ക് ഇവിടെ സൗജന്യമായി ഡയാലിസിസ് ചെയ്തുവരുന്നുണ്ട്. ഡയാലിസിസ് ചെയ്യുന്നതിന് കൂടുതല്‍ പേര് അപേക്ഷ നല്കിയ സാഹചര്യത്തിലാണ് 240 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ 40 ബെഡ്ഡുകള്‍ ഒരുക്കി ഹോസ്പിറ്റലിന് സമീപം കെട്ടിടം നിര്‍മ്മിച്ചത്. ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള അപേക്ഷകരെ പരിഗണിക്കാനും ആകെ 299 പേര്‍ക്ക് ഡയാലിസിസ് സൗകര്യം നല്‍കാനും കഴിയും. 16 ജീവനക്കാരാണ് ഇവിടെയുള്ളത്.
ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് 2013 ലാണ് ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. അലി കണ്‍വീനറുമായാണ് ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എല്‍.എ., ഗോകുലം ഗോപാലന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, വടകര മുനിസിപ്പല്‍ ചെയര്മാന് കെ.ശ്രീധരന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, ആര്. ബലറാം മാസ്റ്റര്‍, ഡി.എം.ഒ ഡോ.വി. ജയശ്രീ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.വി. അലി തുടങ്ങിയവര്‍ പങ്കെടുത്തു.