കോഴിക്കോട് : കേരളത്തിനകത്ത് യാത്രയ്ക്ക് അത്യാവശ്യക്കാർ ആശ്രയിക്കുന്ന ഏക തീവണ്ടികളായ ജനശതാബ്ദിയും വേണാടും മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും, ഡൽഹിയിലെ സർക്കാർ പ്രതിനിധി മുൻ M.P. എ. സമ്പത്തും അടിയന്തിര ഇടപെടൽ നടത്തണം എന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപും, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും, കേരള ഘടകം ഭാരവാഹികളായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, പി ഐ അജയൻ, ടി പി വാസു എന്നിവർ ആവശ്യപ്പെട്ടു.
പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടും നിരവധിതവണ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും പാസഞ്ചർ -മെമു സർവീസ് ആരംഭിക്കാൻ നാളിതുവരെ ചീഫ് സെക്രട്ടറി റെയിൽവേക്ക് അനുമതി നൽകിയില്ലെന്ന് അറിയുന്നു. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് കേരളത്തിനകത്ത് സഞ്ചരിക്കേണ്ട രോഗികൾ, ജീവനക്കാർ, മലബാറിൽനിന്ന് തലസ്ഥാനത്തേക്കും, കോടതി ആവശ്യങ്ങൾക്ക് കൊച്ചിയിലേക്ക് പോകേണ്ടവരും,മറ്റു യാത്രക്കാരും പ്രതിസന്ധിയിലാകും. അതിവേഗ റെയിൽപാതയെക്കാൾ പ്രാധാന്യം കൊവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിലും കോവിഡ് കാലത്ത് കൂടുതൽ സുരക്ഷിതമായും തീവണ്ടി യാത്രയ്ക്കുള്ള ശ്രമങ്ങളാണ് ഭരണപ്രതിപക്ഷങ്ങൾ മുൻഗണന കൊടുക്കേണ്ടത് എന്ന് അവർ അഭിപ്രായപ്പെട്ടു. ഈ കാര്യത്തിൽ റെയിൽവേയിൽ നിന്ന് അനുകൂല നിലപാട് ലഭിക്കാൻ കോൺഫെഡറേഷൻ ഹോണററി ലൈസൻ ഓഫീസർ കേണൽ ആർ.കെ.ജഗോട്ടയെ VSM (retd ) ദില്ലിയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട് റെയിൽവേ നഷ്ടം പറഞ്ഞാണ് തീവണ്ടികൾ റദ്ദാക്കുന്നത്. റെയിൽവേ ലാഭത്തിനു വേണ്ടിയല്ല കേന്ദ്രസർക്കാർ കോടികൾ നൽകിയിട്ടാണ് ജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായ യാത്രാ സംവിധാനം നിലനിർത്തുന്നത്. അനുകൂലമായ തീരുമാനങ്ങൾ വന്നില്ലെങ്കിൽ സമാനചിന്താഗതിക്കാരായ വിവിധ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു ഭാവിപരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്ര കമ്മിറ്റിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട പ്രധാന മന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, കേരള മുഖ്യമന്ത്രി, ജനപ്രതിനിധികൾ എന്നിവർക്കും ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.