Healthlocaltop news

ലോക ആത്മഹത്യാ പ്രതിരോധ ദിനം

ഡോ. മിനു ജയൻ കൺസൾട്ടന്റ്റ് -സൈക്യാട്രിസ്റ്റ് മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്

കോഴിക്കോട് : ലോകം ഒരു മാറ്റത്തിന് വിധേയമാവുകയാണ്. എന്ന് പഴയത് പോലെയാകും എന്നറിയാത്ത ആശങ്കാഭരിതമായ ഒരു കാലഘട്ടം. ഒരിക്കലും കണ്ടിട്ടില്ലാത്ത, പ്രവചനാതീതമായ ഒരു മാറ്റത്തിലാണ് നാം ഏവരും. വർധിച്ചുവരുന്ന മരണനിരക്കുകളും ഭീകരമായ വാർത്തകളും പത്രത്താളുകളിൽ ഇടം പിടിക്കുന്നു. ഇതിനോടൊത്തു നാം നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങളും ചെറുതല്ല. മാധ്യമങ്ങളിൽ ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ നിറയുന്നു. പൗരപ്രമുഖർ, ഡോക്ടർമാർ, സാമ്പത്തിക പ്രശ്നം നേരിടുന്നവർ , പ്രവാസികൾ എല്ലാവരും ഇക്കൂട്ടത്തിൽപ്പെടുന്നു. മുൻവിധികൾ മാറ്റിവെച്ച്‌ ആത്മഹത്യയെക്കുറിച്ച് നാം ചർച്ച ചെയ്യേണ്ട സമയം ഇതാണ്.
കണക്കുകൾ സൂചിപ്പിക്കുന്നത് ഒരു വർഷം എട്ട് ലക്ഷം ജീവനുകൾ ആത്മഹത്യ കാരണം നഷ്ടപ്പെടുന്നു എന്നാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ എണ്ണം ഇതിലും ഒരുപാടധികമാണ്. കുറെയൊക്കെ ആത്മഹത്യകൾ പ്രതിരോധിക്കാവുന്നതാണ്. മനസ്സിലാക്കാൻ ഒരാളുണ്ടെങ്കിൽ, കേൾക്കാൻ സമയം കിട്ടുമെങ്കിൽ, പരിഹസിക്കാതെ ഒരാളുടെ വേദന മനസ്സിലാക്കാമെങ്കിൽ ചിലരെയെങ്കിലും നമുക്ക് അതിൽ നിന്ന് പിന്തിരിപ്പിക്കാം. ആത്മഹത്യയുടെ കാരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ അതിൽ വിഷാദരോഗം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
നമ്മുടെ സമൂഹത്തിൽ ആത്മഹത്യയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ ഭീരുക്കളായും ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നവരായും മിക്കവരും കാണുന്നു. ഇത് തികച്ചും തെറ്റായ ഒരു സമീപനമാണ്. അവരോട് സംസാരിക്കുക, ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കുക. ഒരു പക്ഷെ നമ്മുടെ ആ നിമിഷത്തിലെ സമീപനം അവരെ രക്ഷപ്പെടുത്തിയേക്കാം.
എല്ലാ നാല്പത് സെക്കന്റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. അക്കൂട്ടത്തിൽ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടാം. ആത്മഹത്യാ ചിന്തകൾ ഉള്ളവരിൽ കാണുന്ന ചില ലക്ഷണങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
1. ആത്മഹത്യയെക്കുറിച്ച് സംസാരം – ഞാൻ മരിക്കുന്നതാ നല്ലത്, ജീവിച്ചിരുന്നിട്ട് കാര്യമില്ല  എന്നിവ ഉദാഹരണങ്ങളാണ്.
2. ഉൾവലിയുക
3. ലഹരി വസ്തുക്കൾ അമിതമായി ഉപയോഗിക്കുക
4. ഉറക്കകുറവുണ്ടാകുക, ആഹാരത്തിനോട്  വിരക്തി ഉണ്ടാവുക
5. സാഹസികമായ പ്രവൃത്തികളിൽ ഏർപ്പെടുക – ഉദാ:അമിത വേഗത്തിൽ വണ്ടി ഓടിക്കുക
6. സ്വഭാവമാറ്റങ്ങൾ – അമിതമായി വൈകാരികത, നിസ്സംഗത കാണുക
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ  എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ല. എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാവണമെന്നില്ല.
ആത്മഹത്യാ ചിന്തകൾ സ്വയം മാറ്റാവുന്ന ഒരു ലക്ഷണമല്ല. മടികൂടാതെ വൈദ്യ സഹായം തേടുക. ചികിത്സിച്ചാൽ ഈ  ചിന്തകളെ മറികടക്കാനും തിരികെ ജീവിതത്തിലേക്ക് വരാനും കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close