കോഴിക്കോട്: താമരശ്ശേരി ചുരം ബദൽ പാതയായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന് മുന്നോടിയായി തുരങ്കപാതയുടെ സർവേ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷന്റെ പന്ത്രണ്ടoഗ സംഘം സർവേ ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവക്കായി തിങ്കളാഴ്ച പൂനയിൽ നിന്നും കേരളത്തിലെത്തും. കെ.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (പ്രോജക്ട്) കേണൽ രവിശങ്കർ ഖോഡകെയുടെ നേതൃത്വത്തിലുള്ള എൻജിനീയറിങ് സംഘമാണ് സർവേ പ്രവർത്തനങ്ങൾക്കും വിശദ പഠനത്തിനുമായി എത്തുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്തുള്ള സ്വർഗംകുന്നിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ അവസാനിക്കുന്ന പാത
സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലയുടെ പ്രത്യേകിച്ചും സമഗ്ര വികസനത്തിന് ഗതിവേഗം കൂട്ടുമെന്നാന്ന് പ്രതീക്ഷിക്കപ്പെടുന്നത്. വനഭൂമി നഷ്ടപ്പെടുത്താതെ ആറര കിലോമീറ്റർ മല തുരന്ന് രണ്ടു വരിയായി തുരങ്കവും തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും നിർമിക്കുന്നതാണ് പദ്ധതി. കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ നാല് അലൈൻമെൻ്റുകളിൽ ആനക്കാംപൊയിൽ നിന്നും തുടങ്ങി മേപ്പാടി- കൽപ്പറ്റ- ബത്തേരി
മലയോര ഹൈവേയിലേക്ക് എത്തുന്ന പാതയാണ് ഏറ്റവും അനുയോജ്യമായതെന്ന് കണ്ടെത്തിയിരുന്നു. 658 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയത്. എന്നാൽ അവസാനമായി ഏകദേശ തീരുമാനത്തിൽ എത്തിയ സ്ഥലത്ത് കൂടി തുരങ്ക പാത നിർമിക്കാൻ 200 കോടി രൂപ അധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പാതക്ക് ഒരു കിലോമീറ്ററിന് 150 കോടി രൂപയാണ് ചെലവ് വരിക. മൂന്ന് വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ റോഡെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.