കോഴിക്കോട്: മഹിളാമാൾ കുടുംബശ്രീയുടെ നല്ല പദ്ധതിയായിരുന്നെങ്കിലും അത് പരാജയപ്പെട്ടാൽ എന്തുചെയ്യാനാകുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. നഗരസഭാ കൗൺസിലിൽ മഹിളാമാൾ സംബന്ധിച്ച് ഉഷാദേവി കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിരവധി സംരംഭങ്ങൾ ഉണ്ടാകുന്നുണ്ട്. പലതും പൂട്ടിപ്പോകും. അതിനൊന്നും ചെയ്യാനാകില്ല. കുടുംബശ്രീക്ക് നടത്തിപ്പിനു സ്വയം അധികാരമുള്ള സംരംഭമാണ്. നഗരസഭയുടെ സംരംഭമല്ലെന്നും മേയർ വ്യക്തമാക്കി.
മഹിളാമാളിൽ വാടക പ്രശ്നം നിലനിൽക്കുന്നുണ്ട്. അതിന് ഉടമകളുമായി ചർച്ച നടത്തി തീരുമാനത്തിലെത്താമെന്ന് പൊതുമരാമത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി ലളിതപ്രഭ പറഞ്ഞു.
ഉടമയും സംരംഭകരും തമ്മിൽ നേരിട്ട് കരാർ നടപ്പാക്കിയാൽ ബിനാമികൾ ലാഭം കൊയ്യുന്നത് തടയാനാകുമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉഷാദേവി വ്യക്തമാക്കി. മഹിളാമാൾ സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് അടുത്ത കൗൺസിലിൽ വെക്കാമെന്ന് മേയർ പറഞ്ഞു.