KERALAlocaltop news

ഞെളിയൻ പറമ്പ് ; സോണ്ടയ്ക്ക് കരാർ നീട്ടി നൽകാനുള്ള ഭരണപക്ഷ നീക്കം പാളി

* പ്രതിപക്ഷത്തിന് താത്കാലിക വിജയം : അടുത്ത കൗൺസിലിൽ കരാർ നീട്ടിയേക്കും

കോഴിക്കോട്: ഞെളിയൻ പറമ്പിൽ സോണ്ട ഇൻഫ്റോ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്ന ബയോമൈനിങ് കാപ്പിങ് എന്നീ പ്രവൃത്തികളുടെ കരാർ കാലാവധി വീണ്ടും നീട്ടിക്കൊടുക്കാനുള്ള കോർപറേഷൻ ഭരണ സമിതി നീക്കം പാളി. പ്രതിപക്ഷം ശക്തമായി എതിർത്തതാണ് കാരണം . പ്രവൃത്തി പൂർണ്ണതോതിൽ നടക്കുന്നുവെന്ന സ്ഥലം പരിശോധിച്ച ടെക്നിക്കൽ കമ്മറ്റി യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരാർ കാലാവധി നീട്ടാനുള്ള അജണ്ട അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമം പ്രതിപക്ഷം തന്ത്രപൂർവം പരാജയപ്പെടുത്തുകയായിരുന്നു .

. സപ്ലിമെന്ററിയായി കൗൺസിൽ യോഗ ദിവസം മാത്രം നൽകിയ അജണ്ട വേണ്ടത്ര പഠിക്കാനാവാത്തതിനാൽ മാറ്റിവക്കണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിലിന് അംഗീകരികേണ്ടി വന്നു. ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാൽ സപ്ലിമെന്ററി അജണ്ട മാറ്റിവക്കണമെന്ന ചട്ടമുള്ളതിനാലാണ് ഭരണപക്ഷത്തിന് വഴങ്ങേണ്ടി വന്നത്. കെ. മൊയ്തിൻ കോയ, കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ അജണ്ട മാറ്റിവക്കണമെന്ന് പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു. കരാർ നീട്ടാനുള്ള അജണ്ട ഇനി പ്രത്യേക കൗൺസിൽ ചേർന്ന് അവതരിപ്പിക്കേണ്ടി വരും. ഞെളിയൻ പറമ്പിൽ സോണ്ട കമ്പനിയുമായുള്ള മുഴുവൻ കരാറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ തുടക്കത്തിൽ  പ്രതിഷേധിച്ചു. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറും മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. കോർപറേക്ഷൻ ഇ.എം.എസ് സേ്റ്റഡിയം ഗോകുലം കേരളക്ക് നടത്തിപ്പിന് നൽകിയ കരാർ റദ്ദാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഫ്ളഡ് ലൈറ്റുകളുടക്കം കരാർ പ്രകാരം കൃത്യമായി പരിപാലിക്കുന്നില്ലെന്നും മറ്റുമുള്ള ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാന പ്രകാരമാണ് നടപടി. ഫ്ലഡ് ലൈറ്റ് പരിപാലനത്തിന് പുതിയ താത്പര്യ പത്രം വിളിക്കാനാണ് തീരുമാനം. നിലവിൽ 52 ലൈറ്റുകൾ മാത്രമാണ് കത്തുന്നതെന്നും കൺട്രോൾ പാനൽ കേടായ അവസ്ഥയിലാണെന്നും കണ്ടെത്തിയിരുന്നു.
നഗര സഭ ഓഫീസിൽ അടിക്കടിയുണ്ടാവുന്ന കെട്ടിട നിർമ്മാണവുമായും ജനനസർടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ടുമുള്ള തട്ടിപ്പുകൾക്കെതിരെ നടപടി വേണമെന്ന് ലീഗിലെ കെ.മൊയ്തീൻ കോയ, ബി.ജെ.പിയിലെ എൻ.ശിവ പ്രസാദ്  എന്നിവർ ശ്രദ്ധക്ഷണിച്ചു. അടിക്കടിയുണ്ടാവുന്ന തട്ടിപ്പുകൾക്കെതിരെ നടപടികൾ കർശനമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കോർപറേഷൻ തന്നെയാണ് തട്ടിപ്പുകൾ കണ്ടെത്തി കേസ് കൊടുത്തതെന്നും പൊലീസ് നടപടി പുരാഗമിക്കുകയാണെന്നും മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദും പറഞ്ഞു. ഇടനിലക്കാരെ കോർപറേഷൻ ഓഫീസിൽ നിന്ന് ഒഴിവാക്കാൻ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. ഓഫീസിൽ കടലാസുകൾ നേരിട്ട് കൊണ്ടുവരുന്നതിന് പകരം തപാലിൽ സ്വീകരിക്കുന്ന സംവിധാനം കൊണ്ട് വരുമെന്ന് മേയറും പറഞ്ഞു. എൻ.സി.മോയിൻ കുട്ടി, സരിത പറയേരി, അൽഫോൻസ മാത്യു, വി.പി.മനോജ്,  ഡോ.കെ.അജിത, രാജഷ് കുമാർ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അപേക്ഷകൾക്കും മറ്റും ഫീസ് വർധിപ്പിച്ചത് പിൻവലിക്കണമെന്ന കെ.സി.ശോഭിതയുടെ  പ്രമേയം കൗൺസിൽ വോട്ടിനിട്ട് തള്ളി. കെ.റംലത്ത്, ടി.മുരളീധരൻ, എം.ബിജുലാൽ എന്നിവരും വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close