ചെന്നൈ: നീറ്റ് പരീക്ഷ എഴുതാനിരുന്ന തമിഴ്‌നാട്ടിലെ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ നടന്‍ സൂര്യക്ക് പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്തേണ്ടി വന്നു. അതാകട്ടെ, സുപ്രീം കോടതിക്കെതിരെയും. കോവിഡ് വ്യാപനത്തിനിടയിലും നീറ്റ് പരീക്ഷ നടത്താന്‍ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് സൂര്യയുടെ പരാമര്‍ശം ഉണ്ടായത്.
ഇത് കോടതിയലക്ഷ്യമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട് അഭിഭാഷക അസോസിയേഷനും സൂര്യക്കെതിരെ രംഗത്ത് വന്നു. എന്നാല്‍, സൂര്യയുടെ പരാമര്‍ശം അനാവശ്യമാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയുടെ പരിധിയില്‍ വരില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.