കോഴിക്കോട്: പട്ടർപാലം ഏലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി ജെ പി പ്രവർത്തകനുമായ കെ .കെ.ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പൂവാട്ട് പറമ്പ് സ്വദേശി അബ്ദുൾ അസീസ് എന്നീ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ ഉദ്യോഗസ്ഥനായ ചേവായൂർ ഇൻസ്പെക്ടർ ടി.പി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ വിശദമായ തെളിവെടുപ്പ് നടത്തി. പ്രതികളെ സ്പഷ്യൽ സബ് ജയിലിൽ വെച്ച് നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ കണ്ട് തിരിച്ചറിഞ്ഞിരുന്നു.പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. തെളിവെടുപ്പിനിടെ പ്രതികൾ വെട്ടാനുപയോഗിച്ച ആയുധം കൃത്യം നടന്ന തയ്യിൽ താഴത്തിനടുത്തുള്ള റോഡിന് സമീപമുള്ള ഒഴിഞ്ഞ വയലിൽ നിന്നും പ്രതി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.പ്രതികൾ ഉപയോഗിച്ച വാഹനം അറസ്റ്റ് ചെയ്ത സമയത്ത് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്താൽ അന്വേഷണം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ജില്ലാ നേതൃത്വത്തിന് പങ്കുള്ളതായി വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ്റെ ജാമ്യത്തിൻ്റെ കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഗൂഢാലോചനയിൽ പങ്കെടുത്തരെയും പ്രതിചേർത്ത് പേലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തീകരിച്ച് പ്രതികളെ കോവിഡ് പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കി . പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഒ. മോഹൻദാസ്, എം.സജി, എം.ഷാലു, ഹാദിൽ കുന്നുമ്മൽ എന്നിവരും ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ വി. രഘുനാഥൻ, ഡ്രൈവർ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.