കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഫാം ഹൗസുകള്‍ കേന്ദ്രീകരിച്ച് നടന്ന ലഹരിപ്പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത് ഒറ്റത്തവണ ഉപയോഗം കൊണ്ട് അടിമയാകുന്ന എംഡിഎംഎ ലഹരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എക്‌സ്റ്റസി, മോളി, എക്‌സ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഇത് ലഹരിപ്പാര്‍ട്ടികളില്‍ വിളമ്പി. രണ്ടായിരം രൂപക്കും മൂവായിരത്തിനും ഇടയില്‍ വരും ഈ ഗുളികയുടെ വില.
ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമായ ആദിത്യ ആല്‍വയാണ് കന്നഡ സിനിമാ മേഖലയില്‍ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആല്‍വ എവിടെയെന്ന് ബെംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിന് അറിവില്ല. പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്നയും ആല്‍വയുമാണ് ലഹരിപ്പാര്‍ട്ടികളുടെ ആസൂത്രകര്‍. ഇവരുടെ അപാര്‍ട്ട്‌മെന്റുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
സിനിമാ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരവധി നടിമാര്‍ അറസ്റ്റിലായിരുന്നു. കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ താരങ്ങളെ വശീകരിച്ച് വാതുവെപ്പിന് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ലഹരിപ്പാര്‍ട്ടികള്‍ ഇടനിലത്തട്ടായി പ്രവര്‍ത്തിച്ചിരുന്നു.