കോഴിക്കോട്: അധ്യാപകരുടെയും ജീവനക്കരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള എയിഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ പ്രഹസന ചർച്ചകൾ നടത്തി ഉപാധികൾ മുന്നോട്ട് വെക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. അടിസ്ഥാന ശമ്പളം വെട്ടിക്കുറക്കുന്ന സർക്കാർ നടപടി സമാനതകളില്ലാത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് ആറുമാസം കൂടി തുടരുമെന്ന ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതാണ്.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായ ജീവനക്കാരെ സർക്കാർ വില കുറച്ച് കാണുകയാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് പറയുന്നത് സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധമായ സമീപനത്തിൻ്റെ തെളിവാണ്. ധനകാര്യ വകുപ്പിൻ്റെ ഭാവനാശൂന്യതയും കെടുകാര്യസ്ഥതയും മൂലം ക്ഷാമബത്ത പോലും നിഷേധിക്കപെട്ട സാഹചര്യത്തിൽ ശമ്പളം കവരാനുള്ള ഏകാധിപത്യ നടപടികൾ പുനരവലോകനം ചെയ്യണം. സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാർ പ്രതിസന്ധിയുടെ പേരുപറഞ്ഞ് ജീവനക്കാരുടെ വേതനം അപഹരിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല. സർവീസ് സംഘടനകളുടെ ചർച്ചയിൽ തീരുമാനങ്ങൾ അടിച്ചേല്പിക്കാമെന്ന് ധനകാര്യ മന്ത്രി വ്യാമോഹിക്കരുത്.
ശമ്പളം നിഷേധിച്ചു കൊണ്ട് ജോലി ചെയ്യിക്കാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ സമരപരിപാടികളിലേക്ക് കടക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആൻ്റണി , കെ.സിജു, കെ.സി ഫസലുൽ ഹഖ്, സണ്ണി.എം ,എൻ.പി. ജാക്സൺ, കെ.കെ ശ്രീജേഷ് കുമാർ ,അജിത് കുമാർ .എസ്, ഷാജിമോൻ വി.ജെ , ശേഷായ ൻ, സജി അലക്സാണ്ടർ, ഇ.എം ദേവസ്യ, ഡോ. ആബിദ പുതുശ്ശേരി, സ്മിജു ജേക്കബ്, ജോൺസൺ ചെറുവള്ളി, അഖിലേഷ്.പി , ടോമി ജോർജ് , പ്രമോദ് മാല്യങ്കര , ഡോ.ജയ് മോൻ ജേക്കബ്, ഡോ.ജോർജ് .ടി അബ്രഹാം , വിൻസെൻ്റ്.പി, സാജൻ’ വി.പി, ജോബി.സി.പി , ദിനേഷ്,പ്രകാശ് വല്ലപ്പുഴ , ദീപക്.സി.ഇ, വി.എസ് സുനിൽ, ജോസുകുട്ടി .ഇ പി എന്നിവർ സംസാരിച്ചു.