കോഴിക്കോട്: തുരങ്കപാത സര്‍വേ ടീമിന് സ്വര്‍ഗംകുന്നിലേക്ക് കടന്നു പോകാന്‍ മറിപ്പുഴക്ക് കുറുകെയുള്ള തൂക്കുപാലം നാട്ടുകാര്‍ ശ്രമദാനമായി പുതുക്കിപ്പണിതു. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സാങ്കേതിക പഠനത്തിന് ചൊവ്വാഴ്ച മറിപ്പുഴയില്‍ തുടക്കമായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ടോമി കൊന്നയ്ക്കല്‍, അപ്പച്ചന്‍ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത സാങ്കേതിക പഠനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെയും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെയും സംയുക്തസംഘം തുരങ്കപാത അവസാനിക്കുന്ന വയനാട്ടിലെ കള്ളാടിയില്‍ സന്ദര്‍ശനം നടത്തി. 6.8 കിലോമീറ്റര്‍ ദൂരം വരുന്ന തുരങ്കപാത കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. പഠനത്തിന് തുടക്കം കുറിച്ച് ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ചൊവ്വാഴ്ച ആനക്കാംപൊയിലിലെ മറിപ്പുഴ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനക്കായാണ് കള്ളാടിയിലും സന്ദര്‍ശനം നടത്തിയത്.
മറിപ്പുഴയില്‍ വനഭൂമിയില്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് അധികൃതര്‍ ബുധനാഴ്ച കോഴിക്കോട് ഡിഎഫ്ഒക്ക് അപേക്ഷ നല്‍കി. തുരങ്കപാത തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ തിട്ടപ്പെടുത്തികഴിഞ്ഞാല്‍ സര്‍വേ നടപടികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പറഞ്ഞു. വയനാട് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹരീഷ്, കെആര്‍സിഎല്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിധര്‍, ‘ക്യുമാക്‌സ്’ കണ്‍സള്‍ട്ടന്‍സി ടെക്നിക്കല്‍ അസിസ്റ്റന്റ് അശ്വിന്‍ ജാദവ് എന്നിവരടങ്ങിയ സംഘമാണ് കള്ളാടിയില്‍ സന്ദര്‍ശനം നടത്തിയത്.