localtop news

എല്ലാ സേവനങ്ങളും ഓൺലൈനിൽ : ആദ്യ ചുവട് വെപ്പുമായി പെരുവയൽ

കോഴിക്കോട് : ഗ്രാമപഞ്ചായത്ത് ഓഫീസിൽ വരാതെ തന്നെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന സമ്പൂർണ്ണ ഓൺലൈൻ സേവന സംവിധാനത്തിലേക്ക് ചുവടു വെച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത്. ജില്ലയിൽ ഇത്തരത്തിൽ സൗകര്യമൊരുക്കുന്ന ആദ്യത്തെ പഞ്ചായത്താണ് പെരുവയൽ. പഞ്ചായത്തിലെ മുഴുവൻ സേവനങ്ങളും ഒരു സോഫ്റ്റ് വെയറിലേക്ക് ക്രമീകരിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ്റെ ഇൻ്റലിജൻ്റ് ഇ ഗവേർണൻസ് സംവിധാനത്തിനാണ് പെരുവയൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായത്.

നിലവിൽ പരിമിതമായ സേവനങ്ങളാണ് ഓൺലൈൻ വഴി ലഭ്യമാകുന്നത്. ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെൻ്റ് സിസ്റ്റം പൂർണ്ണമായും സജ്ജീകരിച്ചു കഴിഞ്ഞാൽ എല്ലാതരം അപേക്ഷകളും ഓൺലൈൻ വഴി നൽകാൻ സാധിക്കും. ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന ഇരുനൂറിലധികം സേവനങ്ങൾക്ക് ആവശ്യമായ അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി അയക്കുന്നതിന് സോഫ്റ്റ് വെയറിൽ സൗകര്യമുണ്ട്. അപേക്ഷക്കൊപ്പം നൽകിയ ഇ മെയിൽ അഡ്രസിലും അപേക്ഷകൻ്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭിക്കും. നടപടി പൂർത്തിയാകുമ്പോൾ എസ്.എം.എസ് വഴി അപേക്ഷകന് വിവരം ലഭിക്കും. വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ ആയതിനാൽ വീട്ടിലിരുന്നും ജീവനക്കാർക്ക് ഫയൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഫയലുകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുന്നതോടെ ഫയൽ കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാകുമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത പറഞ്ഞു. ആദ്യം ലഭിക്കുന്ന അപേക്ഷക്ക് ആദ്യം സേവനം എന്നതും ഉറപ്പാക്കാൻ സാധിക്കും.
നിലവിലുളള ഫ്രണ്ട് ഓഫീസ് വഴിയുള്ള സേവനങ്ങൾ അതേപടി തുടരും. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ വിവിധ സോഫ്റ്റ് വെയറിലൂടെയാണ് ലഭിക്കുന്നത്. ഇവ ഒരു കുടക്കീഴിലേക്ക് മാറും. പെരുവയലിന് പുറമെ 9 ഗ്രാമ പഞ്ചായത്തുകളിൽ കൂടി ഈ സംവിധാനം വൈകാതെ പ്രാവർത്തികമാകും.

സംസ്ഥാനത്ത് 150 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നിലവിൽ വരിക.
പുതിയ ചുവടുവെപ്പിലൂടെ സേവനങ്ങൾക്ക് വേഗതയും കൃത്യതയും ഉറപ്പാക്കാൻ സാധിക്കുമെന്ന് സെക്രട്ടറി പി എസ് സിന്ധു പറഞ്ഞു. ഐ.കെ.എം എല്ലാ ജാലകങ്ങളും സജ്ജീകരിക്കുന്നതോടെ വൈകാതെ തന്നെ ഇതിൻ്റെ സൗകര്യം പൊതുജനത്തിന് പ്രാപ്യമാകുമെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close