Nationaltop news

സുഗന്ധവിള ഗവേഷകരുടെ ദേശീയ ശില്പശാല സെപ്തംബർ 29 ന്

പുതിയ ഇനങ്ങൾ വിലയിരുത്തും

കോഴിക്കോട് : സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ. ഐ .സി. ആർ. പി. എസ്. ) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാല സെപ്തംബർ 29 നു ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കും. ഇന്ത്യയിലെ ഇരുപത്തിയഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി അൻപതിൽ അധികം ശാത്രജ്ഞർ  ഇന്ത്യൻ കൌൺസിൽ ഓഫ്  അഗ്രിക്കൾച്ചറൽ റിസർച്ച് ന്റെ  (ഐ സി എ ആർ) മേൽനോട്ടത്തിൽ നടക്കുന്ന ദ്വിദിന ശില്പശാലയിൽ പങ്കെടുക്കും.
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സൗകര്യം ഉപയോഗിച്ചായിരിക്കും ശില്പശാല സംഘടിപ്പിക്കുക. സുഗന്ധവിള ഗവേഷണ രംഗത്ത് കഴിഞ്ഞ ഒരുവർഷം നടന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും ശില്പശാല ചർച്ചചെയ്യും. ഗവേഷണ പദ്ധതികളും പുതിയ ഇനങ്ങളുടെ കണ്ടുപിടിത്തവും ശില്പശാല വിലയിരുത്തും.
കേരളകാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു ശില്പശാല ഉത്‌ഘാടനം ചെയ്യും. ഐ സി എ ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എ കെ സിങ് അധ്യക്ഷത വഹിക്കും.
എ ഐ സി ആർ പി എസ് നു കീഴിൽ 14   വ്യത്യസ്ത കാർഷിക കാലാവസ്ഥ മേഖലകളിൽ സ്ഥിതി ചെയ്യുന്ന 38 കേന്ദ്രങ്ങളിൽ നിന്നും സുഗന്ധവിളകളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പങ്കെടുക്കും.  സുഗന്ധവിളകളായ കുരുമുളക്, വലിയ ഏലം, ചെറിയ ഏലം, ഇഞ്ചി, മഞ്ഞൾ, മാങ്ങയിഞ്ചി, കറുവ, ജാതി, ഗ്രാമ്പൂ, മല്ലി, ജീരകം, ഉലുവ, പെരുംജീരകം, അയമോദകം, കരിംജീരകം, കുങ്കുമം എന്നിവയിൽ നടത്തിയ ഗവേഷണങ്ങളും അതിന്റെ ഫലങ്ങളും യോഗത്തിൽ ചർച്ചചെയ്യപ്പെടും.
സുഗന്ധവിള മേഖലയിൽ ദേശീയ തലത്തിൽ തന്നെ ഏറ്റവും വലിയ ഗവേഷണ ശൃംഘലയാണ് ഐ സി എ ആർ – എ ഐ സി ആർ പി എസ് . അത്യൽപാദനശേഷിയുള്ള സുഗന്ധവിള ഇനങ്ങളുടെ ഉത്പാദനം, പോഷക ലഭ്യത ഉറപ്പുവരുത്തൽ, ചെടികളുടെ ആരോഗ്യ സംരക്ഷണം, കൃഷിക്കുവേണ്ട സാങ്കേതിക സഹായം ലഭ്യമാക്കൽ എന്നിവക്കുവേണ്ടി 176 ലധികം ഗവേഷണ വിജയങ്ങൾ എ ഐ സി ആർ പി എസ്  ന്റെ നേതൃത്വത്തിൽ കൈവരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള പതിനാലു കാർഷിക കാലാവസ്ഥ മേഖലകളിൽ  ഗവേഷണം നടത്തി കാലാവസ്ഥക്കനുയോജ്യമായ വിള ഇനങ്ങൾ വികസിപ്പിക്കുകവഴി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും എ ഐ സി ആർ പി എസ് പ്രവർത്തിക്കുന്നു.
ഐ സി എ ആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. വിക്രമാദിത്യ പാണ്ഡെ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും. അടക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ആയ ഡോ. ഹോമി ചെറിയാൻ, ഐ സി എ ആർ- നാഷണൽ റിസർച്ച് സെന്റർ ഫോർ സീഡ് സ്‌പൈസസ് ഡയറക്ടർ ഡോ. ഗോപാൽ ലാൽ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ  ഡയറക്ടറും എ ഐ സി ആർ പി എസ് മുൻ പ്രൊജക്റ്റ് കോർഡിനേറ്ററും ആയ ഡോ. കെ നിർമൽ ബാബു എന്നിവർ പങ്കെടുക്കും. ശില്പശാല സെപ്തംബർ 30 നു സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close