കോഴിക്കോട്: ഒരു ജനവിഭാഗത്തിെൻറ പ്രാതിനിധ്യം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന മുസ്ലിം ലീഗ്, അഴിമതി, കള്ളക്കടത്ത്, തട്ടിപ്പ്, വഞ്ചന തുടങ്ങി എല്ലാ സാമൂഹിക, സാമ്പത്തിക ജീർണതകളുടെയും കൂത്തരങ്ങായി മാറിയ സ്ഥിതിക്ക് പാർട്ടി പിരിച്ചുവിട്ട് അണികളെ സ്വതന്ത്രരാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ സത്യസന്ധതയും മാന്യതയും അനിവാര്യമാണെന്ന് പാർട്ടി നേതാക്കളെ പഠിപ്പിച്ച അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മുസ്ലിം ലീഗിനെ എന്നോ പിരിച്ചുവിട്ടേനെ. പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രീംകോടതി നൽകിയ അനുമതി, മൂൻമന്ത്രി ഇബ്രാഹീം കുഞ്ഞിെൻറ അഴിമതിക്കുള്ള നിത്യസ്മാരകമായിരിക്കും. ജ്വല്ലറി തട്ടിപ്പ് സംഭവത്തിൽ 70ഓളം കേസുകളുമായി എം.സി ഖമറുദ്ദീൻ എം.എൽ.എ സർവകകാല റിക്കാർഡ് സൃഷ്ടിക്കുമ്പോൾ, ഒരു ജനതയാണ് വഞ്ചിക്കപ്പെടുന്നതും ലോകത്തിനു മുന്നിൽ നാണംകെടുന്നതും. സ്വർണക്കടത്ത് കേസിെൻറ ആസൂത്രകൻ അടക്കം പ്രതികളിൽ ഭൂരിഭാഗവും ലീഗുകാരാണെന്നത് ആ പാർട്ടി എത്തിപ്പെട്ട പതനമാണ് വിളിച്ചോതുന്നത്. സ്വന്തം മണ്ഡലത്തിലെ സ്കൂളിന് ഹയർസെക്കണ്ടറി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കീശയിലാക്കിയ എം.എൽ.എ അടക്കം ജീർണതയിൽ മുങ്ങിത്താവുന്ന ഒരുപാർട്ടിയെയും നേതാക്കളെയും പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിം സമൂഹത്തിനില്ലെന്ന് കാസിം ഇരിക്കുർ പ്രസ്താവനയിൽ പറഞ്ഞു.