മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതി കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന് (45) നാണ് കഴിഞ്ഞ ദിവസം ഈസ്റ്റ്ഹില്ലയിലെ കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടത്. മുജീബിനെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്ത് അസി.കമ്മീഷണര്‍ കെ.അഷ്റഫ്, നടക്കാവ് സിഐ ബിശ്വാസ്, എസ്ഐമാരാണ് കൈലാസ്നാഥ്, സിജിത്ത്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതി
തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട് . മുജീബിന് പുറമെ നിന്ന് സഹായം ലഭിക്കാനുള്ള സാധ്യതയില്ല. കോഴിക്കോടും മലപ്പുറത്തും ഒളിവില്‍ താമസിക്കുകയെന്നതും ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ലോറിയിലോ മറ്റോ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
മുജീബ് മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നില്ല. അതിനാല്‍ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താന്‍ സാധിക്കില്ല. അതേസമയം മുജീബ് ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്.
വയോധികയ പീഡിപ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ജൂലൈ 17നാണ് മുക്കം പോലീസ് അതിസാഹസികമായി മുജീബിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മുക്കം പോലീസ് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ജൂലൈ രണ്ടിന് രാവിലെ ആറരയോടെയായിരുന്നു സംഭവം. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സമാന രീതിയില്‍ കളവ് നടത്തിയതിനെ കുറിച്ച് അന്വേഷിച്ചതാണ് പ്രതിയെ കുടുക്കുന്നതിന് പോലീസിനെ സഹായിച്ചത്.
മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂര്‍, മങ്കര, കുന്നംകുളം, വടകര, പാലക്കാട്. കാസര്‍ഗോഡ്, വയനാട്, തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്. കൊടും കുറ്റവാളിയാണ് മുജീബെന്നാണ് പോലീസ് പറയുന്നത്..