എറണാകുളം: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കൊച്ചിയിലെ പ്രവർത്തനങ്ങൾക്കുള്ള ലോഗോ ജില്ലാ കളക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്തു. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ശരിയായ ഭക്ഷണരീതികളെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക, ഭക്ഷ്യ വ്യാപാരികളുടെ വിവരശേഖരണം നടത്തുക, സ്കൂളുകളിലും കോളേജുകളിലും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഭക്ഷ്യ ഉത്പാദകർക്കായുള്ള പരിശീലനങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും. ‘നല്ലത് കഴിക്കാം നാളേക്കായി ഒരുങ്ങാം’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
കളക്ട്രേറ്റിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഫുഡ് സേഫ്റ്റി അസി. കമ്മീഷ്ണർ ജേക്കബ് തോമസ്, ഫുഡ് സേഫ്റ്റി ഓഫീസർമാരായ സക്കീർ ഹുസൈൻ, വൈശാഖൻ കെ. എ, അഫില യൂസഫ് എന്നിവർ പങ്കെടുത്തു.