കോഴിക്കോട്: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രഭാതം ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫ് ഷഹ്‌ല തസ്‌നി ദമ്പതികള്‍ക്കാണ് ആശുപത്രികളുടെ ദുര്‍വാശികാരണം കന്നിപ്രസവത്തിലെ ഇരട്ട ശിശുക്കളെ നഷ്ടമായത്. നേരത്തെ സഹലക്ക് കോവിഡ് പോസിറ്റിവ് ആവുകയും ഈ മാസം 15ന് അത് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് രോഗികള്‍ക്കേ ചികില്‍സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കല്‍ കോളജും നേരത്തെ കോവിഡ് ഉണ്ടായതിനാല്‍ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.
പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍ അവിടെ നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞു പറഞ്ഞിട്ടും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ശരീഫ് പറയുന്നു. രാവിലെ 11 ഓടെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് കോട്ടപറമ്പുള്ള മാതൃശിശു ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ.പി സമയം കഴിഞ്ഞെന്നു പറഞ്ഞ് അവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വഴിമധ്യേ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപ്പിച്ചെങ്കിലും അഡ്മിറ്റാവാന്‍ പറഞ്ഞ ശേഷം ചികിത്സ തടയപ്പെട്ടു.
ഇതിനൊടുവില്‍ മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടോടെ ശസ്ത്രക്രിയ വഴി കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോഴേക്കും രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണു ഉണ്ടായിരിക്കുന്നത്. പറഞ്ഞറിയിക്കാനാകാത്ത വേദനയും വ്യഥയുമാണ് ആ ഗര്‍ഭിണിയായ യുവതി അനുഭവിച്ചത്.
കോവിഡിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതരുടെ നിലപാട് കടുത്ത മനൃഷ്യാവകാശലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോവിഡ് രോഗം ഭേദമായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കായി കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാക്കുകയും അത് പാലിക്കപ്പെടുന്നു എന്നുറപ്പാക്കുകയും വേണം. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.