INDIAKERALANationaltop newsVIRAL

ഇടയന്റെ നാട്ടിലൂടെ………; ( വിശുദ്ധനാട് യാത്രാ വിവരണം – ഭാഗം ഏഴ് )

ബാബു ചെറിയാൻ                                                                                                                         യാത്ര എട്ടാം ദിനം –                                         2022 ഒക്ടോബർ ആറ്                          .                                                              ബത്‌ലഹേമിലെ ഹോട്ടലിൽ നിന്ന് പുലർച്ചെ ഏഴിനോടെ യോഹന്നാൻ സ്നാപകന്റെ ജന്മഗൃഹമായ എൻകരീമിലേക്ക് പുറപ്പെട്ടു. യേശുവിന് സ്നാനം നൽകിയ യോഹന്നാൻ മാംതാനയുടെ മാതാപിതാക്കളായ സക്കറിയയ്ക്കും എലിസബത്തിനും രണ്ട് വസതികളുണ്ട്. ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട പുരോഹിതനായിരുന്നു സക്കറിയ . ഒരു വീട് താഴ്‌വാരത്തും , അടുത്തത് കുന്നിൻ മുകളിലുമാണ്.കുന്നിൻ മുകളിലേത് വേനൽക്കാല വസതിയാണ്. വൃദ്ധയായിരിക്കെ ദൈവീക അനുഗ്രഹത്താൽ ഗർഭിണിയായ എലിസബത്തിനെ കാണാൻ ചാർച്ചക്കാരിയായ പരിശുദ്ധ മറിയം ഇവിടെ വന്നതായി ബൈബിളിലുണ്ട്. താൻ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ വിവരം ദൈവദൂതനിൽ നിന്നറിഞ്ഞതിനു ശേഷം മറിയം എലിസബത്തിനെ സന്ദർശിക്കുന്നത് ബൈബിളിൽ ഇങ്ങനെ പറയുന്നു. ” ആ ദിവസങ്ങളിൽ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവൾ സഖറിയയുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. മറിയം. അവളോടുകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്ക് മടങ്ങി ( ലൂക്കാ:1: 39 – 41,56). സക്കറിയയുടെ താഴ്‌വാരത്തെ വസതിയിൽ അബ്രഹാച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മലമുകളിലെ വസതിയിലേക്ക് . മാതാവും എലിസബത്തും കണ്ടുമുട്ടിയ സ്ഥലത്ത് ഇരുവരുടേയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. പലരും പ്രതിമയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുത്തു. മലമുകളിൽ നിന്ന് നോക്കിയാൽ യൂദയാ നഗരം കാണാം.                                                            ഇതിനടുത്തായി വിശുദ്ധ മരിയ അൽഫോൻസി താമസിച്ച ഭവനം. റോസറി സിസ്റ്റേഴ്സിന്റെ സ്റ്റാൾ ഇതിനടുത്തായുണ്ട്. വിശുദ്ധ മരിയ അൽഫോൻസിയെക്കുറിച്ച് അബ്രഹാമച്ചൻ മലയാളത്തിൽ എഴുതിയ പുസ്തകം മരിയ അൽഫോൻസിയുടെ ഭവനത്തിന് മുന്നിൽ വച്ച് പ്രകാശനം ചെയ്തു. ഇരു ഭവനങ്ങളുടെയും ചുമതലയുള്ള സിസ്റ്റർ അച്ചനിൽ നിന്ന് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി.                                                                ഈശോയുടെ ജനനമറിഞ്ഞ് ഭയചകിതനായ ഹെറോദേസ് രാജാവ് ആ ദേശത്തെ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ ഉത്തരവിട്ടിരുന്നു. ആ സമയം സഖറിയയും കുടുംബവും കുന്നിൻ മുകളിലെ വസതിയിലായിരുന്നു. കുഞ്ഞിപൈതങ്ങളെ വധിക്കാൻ പടയാളികൾ എത്തുന്നതിന് തൊട്ടു മുൻപ് വീടിനടുത്ത ഒരു പാറയിൽ വലിയ വിള്ളലുണ്ടാവുകയും മാതാപിതാക്കൾ കുഞ്ഞു യോഹന്നാനൊപ്പം പാറയുടെ വിടവിൽ ഒളിക്കുകയും ചെയ്തു. മലുകളിലെ വസതിയിൽ നിർമിച്ച പള്ളിയുടെ ഭിത്തിയിൽ പാറയുടെ ഭാഗം ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. പിറ്റേന്ന് എയർപോർട്ടിൽ എത്തേണ്ടതിനാൽ ബത്‌ലഹേമിലെ ഹോട്ടലിൽ നിന്ന് ഞങ്ങൾ രാവിലെ വെക്കേറ്റ് ചെയ്തിരുന്നു. ഇനി ഇസ്രായേൽ അതിർത്തി വഴി തിരികെ ജോർദ്ദാനിലേക്ക് മടങ്ങുകയാണ്. ദീർഘ ദൂരം യാത്ര ചെയ്ത് സന്ധ്യയോടെ ജോർദ്ദാൻ പട്ടണത്തിലെ STRAND ഹോട്ടലിലെത്തി. പിറ്റേന്ന് മടക്ക യാത്രയാണ്. അതിനാൽ വിഭവസമൃദ്ധമായ അത്താഴത്തിനു ശേഷം എല്ലാവരും മുറികളിലേക്ക് .                   നാളെ മടക്ക യാത്ര ഫ്രം ജോർദ്ദാൻ . തുടരും ……

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close