ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്19 മരണം ഒരു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാവിലെ 99773 മരണം ആയിരുന്നു രാജ്യത്തെ ഔദ്യോഗിക കണക്ക്. വൈകീട്ടോടെ രാജ്യത്ത് 424 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ മരണ സംഖ്യ ഒരു ലക്ഷത്തിന് മുകളിലെത്തി.
രാജ്യത്ത് ആദ്യമായി കോവിഡ്19 റിപ്പോര്‍ട്ട് ചെയ്ത് ഏഴാം മാസത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് മരണ സംഖ്യ ഒരു ലക്ഷമായത്. കോവിഡ് വ്യാപനത്തില്‍ യു എസിന് തൊട്ടുപിറകിലാണ് ഇന്ത്യയുടെ സ്ഥാനം.
അതേ സമയം കോവിഡ് രോഗ മുക്തിയുടെ കണക്കില്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനുള്ളില്‍ 78877 പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 53,52,078 ആയി. രോഗമുക്തി നിരക്ക് 83.70 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.