പേരാമ്പ്ര: ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ. മുരളീധരൻ എം.പി. ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി അമ്പാളിത്താഴ മേഖലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘മെറിറ്റ് മോർണിംഗ് 2020 ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനത്തെ ഗൗരവത്തോടെ കാണണം. വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ പഠനം ചടങ്ങ് തീർക്കലായി മാറുന്നുവെന്ന ആക്ഷേപത്തെ വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിക്കരുത്.
ഓൺലൈൻ ക്ലാസ് സ്കൂളുകളിലെ വ്യവസ്ഥാപിത പഠനത്തിന് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജു പൊൻപറ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ മരുതേരി, മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗം ആർ.കെ രജീഷ് കുമാർ, പി.സി കുഞ്ഞമ്മദ്, മിനി വട്ടക്കണ്ടി, ഇ.പി മുഹമ്മദ്, മനോജ് ചെറുവോട്ട്, മൊട്ടമ്മൽ രാഗേഷ്, രജീഷ് മാക്കുഴി, ആയടത്തിൽ ഗോവിന്ദൻ, സായ് സന്തോഷ്, എ.പി ഉണ്ണി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.