കോഴിക്കോട് : സർക്കാർ സ്വീകരിക്കുന്ന അശാ സ്ത്രീയമായ നടപടികൾ പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കുന്നതിന് കാരണമാകുമെന്ന് കേരള എയിഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. കുറ്റമറ്റ രീതിയിൽ നടന്നുവന്നിരുന്ന പ്രവേശന പ്രക്രിയ കഴിഞ്ഞ വർഷം മുതൽ താളം തെറ്റിയാണ് നടപ്പാക്കുന്നത്.
പ്രവേശന നടപടി ക്രമങ്ങൾ സങ്കീർണമാക്കി കോവിഡ് കാലത്ത് വിദ്യാർത്ഥികളെ വട്ടം കറക്കിയ ഡയരക്ടറേറ്റ് അപ്രതീക്ഷിത നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിനുള്ള അവസരം നൽകാതെ സപ്ലിമെൻ്ററി അലോട്ട്മെൻറിലേക്ക് പോകുന്നത് ഏകജാലക സംവിധാനത്തിൻ്റെ അന്ത:സ്സത്ത ചോർത്തിക്കളയുന്ന നടപടിയാണ്.
അപേക്ഷകളിലെ സങ്കീർണത കാരണം നിരവധി വിദ്യാർത്ഥികൾ പ്രവേശന പ്രക്രിയയിൽ നിന്ന് പുറം തള്ളപ്പെട്ടിരിക്കുകയാണ്. പ്രവേശനം നേടിയ വിദ്യാർത്ഥികളോടുള്ള വഞ്ചനാപരമായ സമീപനം ഉപേക്ഷിക്കണമെന്നും പ്രശ്ന പരിഹാരത്തിന് വിദ്യാഭ്യസ മന്ത്രി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആൻറണി , കെ.സിജു, കെ.സി. ഫസലുൽ ഹഖ്, എം .സണ്ണി, സജി അലക്സാണ്ടർ, കെ.കെ ശ്രീജേഷ് കുമാർ, എൻ.പി, ജാക്സൺ, അജിത് കുമാർ .എസ്, ഷാജിമോൻ .വി.ജെ, പി.എ. ജോസഫ്, സ്മിജു ജേക്കബ്, പ്രകാശ് വല്ലപ്പുഴ , ജോൺസൺ ചെറുവള്ളി, ഇ എം ദേവസ്യ, ഡോ. ആബിദ പുതുശ്ശേരി, ഡോ.ജോർജ് ടി എബ്രഹാം, സാജൻ .വി .പി , അഖിലേഷ് .പി , ദീപക് സി.ഇ, ജോബി സി പി , വി.എസ് സുനിൽ , ദിനേഷ് എന്നിവർ സംസാരിച്ചു.