KERALAtop news

ഹാഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ധിഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ഉത്തര്‍പ്രദേശ് പോലീസ് യു എ പി എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള ഉദ്ദേശിച്ചുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തെന്നും പോലീസ് അവകാശപ്പെടുന്നു.
യു എ പി എയിലെ സെക്ഷന്‍ 17ഉം ഇവര്‍ക്കെതിരായ എഫ് ഐ ആറില്‍ ചുമത്തിയിട്ടുണ്ട്. ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിംഗിനായി പോകുമ്പോഴാണ് തിളങ്കാഴ്ച രാത്രിയില്‍ സിദ്ധിഖിനെയും സംഘത്തെയും മഥുരയില്‍ വെച്ച് യു പി പോലീസ് അറസ്റ്റ് ചെയ്തത്.
കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഴിമുഖം ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനാണ് സിദ്ധീഖ്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്ന പ്രവര്‍ത്തനമാണ് യു പിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. സിദ്ധിഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യവുമായി യൂണിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനും കത്തയച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനോടും വിഷയത്തില്‍ ഇടപെടണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close