പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകി വയല്‍ പട്ടയം പ്രശ്നത്തിന് പരിഹാരം കാണാൻ ഉദ്ദേശിച്ച് നടത്തിയ സ്ഥലത്തിന്റെ സർവ്വേ പൂർത്തിയായി. 126 പേരുടെ കൈവശമുള്ള പ്ലോട്ടുകളാണ് സര്‍വ്വെ നടത്തി സ്‌കെച്ച് തയ്യാറാക്കിയത്. സർവ്വെയുടെ തുടർച്ചയായി ഓരോ സ്തലത്തുമുള്ള കെട്ടിടങ്ങളുടേയും മരങ്ങളുടേയും വിവരങ്ങൾ തയ്യാറാക്കാനുള്ള പ്രത്യേക പരിശോധനയും തുടങ്ങി. ഡപ്യൂട്ടി തഹസില്‍ദാര്‍ പി.മനു, താലൂക്ക് സര്‍വ്വെയര്‍ കെ.മനോജന്‍, സര്‍വ്വെയര്‍ ബവീഷ്.യു.രവീന്ദ്രന്‍, പി.കെ.ലാഹിക്, സി.പി.ലിതേഷ് എന്നിവർ നേതൃത്വം നൽകി .
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ച്, ഒമ്പത്, 11 വാര്‍ഡുകളില്‍പ്പെട്ടതും 11, 17, 18, 19 എന്നീ സര്‍വ്വെ നമ്പറില്‍പ്പെട്ടതുമായ 53.66 ഏക്കര്‍ (21.71 ഹെക്ടര്‍) സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി അളന്ന് തിട്ടപ്പെടുത്തി കൈവശക്കാരെ കണ്ടെത്താൻ സർവ്വെ നടത്തിയത്. ഭൂമി സർക്കാർ ഏറ്റെടുത്ത ശേഷമാണ് പട്ടയം നൽകുന്ന കാര്യത്തിൽ ഉത്തരവിറക്കാനാകുക. 42 കുടുംബങ്ങള്‍ ഭൂമിയില്‍ താമസക്കാരായുണ്ട്. സ്ഥലം മാത്രം കൈവശമുള്ളവരാണ് മറ്റുള്ളവർ. മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റീല്‍ നടന്ന യോഗ തീരുമാന പ്രകാരമായിരുന്നു സർവ്വെ നടന്നത്.