തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.
ഇവരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു. ജാമ്യം നല്കുന്നതു നിയമം കൈയ്യിലെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്നായിരുന്നു പ്രോസിക്യൂഷന് വാദം.
കായികബലം കൊണ്ട് നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. അതിക്രമിച്ചു കയറി ആക്രമിക്കല്‍, മോഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ അസഭ്യം പറഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ കൈകാര്യം ചെയ്തത്. ഇതിന്റെ ഫെയ്സ്ബുക്ക് ലൈവ് വലിയ തെളിവായി മാറുകയും ചെയ്തു.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ ചെയ്തതിന് വിജയ് പി നായര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായര്‍ അപമര്യാദയായി പെരുമാറിയെന്നും കൈയ്യില്‍ പിടിച്ച് തിരിച്ചെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതിന് പുറമെ ഐ ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.