മുക്കം: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കണ്ടയിൻമെൻ്റ് സോണുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉറപ്പുവരുത്താനുമായി മജിസ്റ്റീരിയൽ അധികാരങ്ങളോടെ മുക്കം നഗരസഭയിൽ ആറ് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. നഗരസഭയെ ആറ് മേഖലകളാക്കി തിരിച്ചാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് ചുമതല നൽകിയിട്ടുള്ളത്. മുക്കം നഗരസഭയിലെ കൊവിഡ് പ്രോട്ടോകോൾ ലംഘന സംബന്ധമായ പരാതികൾ ഇനി അതത് സെക്ടറൽ മജിസ്ട്രേറ്റുമാർക്കാണ് നൽകേണ്ടത്. ജില്ല എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷനൽ ഓഫിസർ ഇ.ടി ഷാജിയെ നീലേശ്വരം സെക്ടറിലും കോഴിക്കോട് പി.ഡബ്ല്യു.ഡി റോഡ്സ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ ഫാത്തിമയെ മണാശ്ശേരി സെക്ടറിലും കോഴിക്കോട് ക്വാളിറ്റി കൺട്രോൾ സബ്ഡിവിഷൻ എ.ഇ.ഇ ബി. രാജീവിനെ കല്ലുരുട്ടി സെക്ടറിലും കൊടുവള്ളി ഡയറി എക്സ്റ്റൻഷൻ ഓഫിസർ റെജിനോൾഡ് ജോർജിനെ മുത്താലം സെക്ടറിലും കുന്നമംഗലം ഡയറി എക്സ്റ്റൻഷൻ ഓഫിസർ പി. സനിൽകുമാറിനെ മുക്കം സെക്ടറിലും കോഴിക്കോട് സൗത്ത് ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനീയർ എച്ച്. ധീരജ് കൃഷ്ണയെ ചേന്നമംഗല്ലൂർ സെക്ടറിലുമാണ് നിയമിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകൾ കല്ലുരുട്ടി സെക്ടറിലും 7,8,9,10,32,33 വാർഡുകൾ നീലേശ്വരം സെക്ടറിലും 11,23, 24, 25,26 വാർഡുകൾ മണാശ്ശേരി സെക്ടറിലും 27,28,29,30,31 വാർഡുകൾ മുത്താലം സെക്ടറിലും 12,13,14,15,16 വാർഡുകൾ മുക്കം സെക്ടറിലും 17,18,19,20,21,22 വാർഡുകൾ ചേന്നമംഗലൂർ സെക്ടറിലുമാണ് ഉൾപ്പെടുന്നത്.