വിവാഹപ്പന്തലില്‍ ഭക്ഷണത്തിന്റെ എച്ചില്‍ കഴിക്കാന്‍ തെരുവ് നായകള്‍ വന്നാല്‍ കല്ലെറിഞ്ഞ് ഓടിക്കുന്നവര്‍ അറിയുക, ഒഡീഷയില്‍ ഒരു വിവാഹത്തിന് 500 തെരുവ് നായകള്‍ക്ക് കിടിലന്‍ സദ്യയാണ് ഒരുക്കിയത്! ആശ്ചര്യം തോന്നുന്നുണ്ടാകും, സംഗതി സത്യമാണ്. സെപ്തംബര്‍ 25ന് ഭുവനേശ്വറിലാണ് സംഭവം. നേരത്തെ പൈലറ്റും ഇപ്പോള്‍ സംവിധായകനുമായ യുറേക ആപ്തയും ദന്ത ഡോക്ടറായ കാമുകി ജോണ വാംഗുമാണ് വിവാഹം ഏറെ വ്യത്യസ്തമാക്കിയത്.
ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ വെച്ച് ലളിതമായ താലികെട്ടോടെ വിവാഹം ചെയ്യണമെന്നത് മൂന്ന് വര്‍ഷം മുമ്പ് ഇവരെടുത്ത തീരുമാനമാണ്. എന്നാല്‍, മനുഷ്യരെ ഒഴിവാക്കി തെരുവ് നായകള്‍ക്ക് വിവാഹ സദ്യയൊരുക്കണമെന്ന ആശയം ലോക്ക്ഡൗണ്‍ കാലത്തെ അനുഭവത്തില്‍ നിന്ന് പൊട്ടിമുളച്ചതാണ്.
ലോക്ക്ഡൗണ്‍ സമയത്ത് ഇവരുടെ സുഹൃത്തായ സുകന്യ അപകടത്തില്‍ പെട്ട തെരുവ് നായയെ രക്ഷിച്ചു. തുടര്‍ന്ന് ഈ നായക്ക് വേണ്ട ചികിത്സ നല്‍കാനും തെരുവ് നായകള്‍ക്കായുള്ള ട്രസ്റ്റിലെത്തിക്കാനും ഓടി നടക്കുകയുണ്ടായി. അപ്പോഴാണ്, ആപ്തക്കും വാംഗിനും മനസിലാകുന്നത് തെരുവ് നായകള്‍ക്ക് വേണ്ടി സമര്‍പ്പിതമായ മനുഷ്യ ജീവിതങ്ങള്‍ ചുറ്റിലുമുണ്ടെന്ന്. അതാണ് പ്രചോദനമായത്.
ആനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എകാമ്ര (എഡബ്ല്യുടിഇ) ഫൗണ്ടറായ പുരഭി പത്രയുമായി സഹകരിച്ച് തെരുവ് നായകള്‍ക്ക് ഭക്ഷണമെത്തിക്കാനും മരുന്നെത്തിക്കാനുമെല്ലാം ഇപ്പോള്‍ ഈ ദമ്പതികള്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.