INDIAKERALAlocalNationalPoliticstop news

വൈദിക – കന്യാസ്ത്രീ “ദമ്പതികളുടെ” കുഞ്ഞ് അനാഥാലയത്തിൽ; ബിഷപ്പിന് തുറന്ന കത്തുമായി കാത്തലിക് ലേമെൻ അസോ.

താമരശേരി: യുവ വൈദികൻ്റെയും- കന്യാസ്ത്രീയുടെയും അവിഹിത ബന്ധത്തിൽ പിറന്ന പെൺകുഞ്ഞിനെ അനാഥാലയത്തിലാക്കി പിതൃത്വം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് താമരശേരി ബിഷപ്പിന് കാത്തലിക് ലേമെൻസ് അസോസിയേഷൻ്റെ തുറന്ന കത്ത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിലാക്കിയ ക്രൂരതയ്ക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടുനിൽക്കുന്നതിനെതിരെ കാത്തലിക് ലേമെൻസ് അസോ. ദേശീയ സെക്രട്ടറി എം.എൽ. ജോർജാണ് തുറന്ന കത്തെഴുതിയത്. കത്ത് പൊതുസമൂഹത്തിൽ ചർച്ചയായിരിക്കയാണ്. കത്ത് ഇങ്ങനെ –

From,

എം.എൽ.ജോർജ്ജ് മാളിയേയ്ക്കൽ,
സെക്രട്ടറി, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി,
കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ,
കൂടരഞ്ഞി പി.ഒ, പിൻ-673604.

To,

റൈറ്റ്. റവ. ഡോ. റെമിജീയോസ് പോൾ ഇഞ്ചനാനി,
താമരശ്ശേരി രൂപതാ ബിഷപ്പ്,
താമരശ്ശേരി ബിഷപ്പ്സ് ഹൗസ്,
താമരശ്ശേരി പി.ഒ, പിൻ-673573.

യേശുവിൽ പ്രിയ സഹോദരാ,

അങ്ങ് അടക്കമുള്ള ക്രിസ്തീയ സഭയിലെ പുരോഹിതർ യേശുനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിച്ചിരിക്കുന്നത്, അജപാലകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് വചന ശുശ്രൂഷകൾ ചെയ്യുവാനും വചനം പ്രസംഗിക്കുവാനും പ്രസംഗിക്കുന്നവ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുമാണല്ലോ. എന്നാൽ നിങ്ങൾ എടുത്ത സത്യപ്രതിജ്ഞ പാടേ അവഗണിച്ച് ക്രിസ്തുവിനും ക്രിസ്തീയസമൂഹത്തിനും മറ്റു സമൂഹങ്ങൾക്കും രാജ്യത്തിനും രാജ്യത്തിന്റെ ഭദ്രതയ്ക്കും എതിരായി പ്രവർത്തിച്ചുവരികയാണ് താങ്കളടക്കമുള്ള ഒരു പറ്റം പുരോഹിതർ. പുരോഹിതരടക്കമുള്ള എല്ലാവർക്കുമായി യേശുക്രിസ്തു അനുവദിച്ചിട്ടുള്ള മാതൃകാപരമായ പരസ്യവിവാഹത്തിന് പുരോഹിതർക്കു മാത്രം വിലക്ക് ഏർപ്പെടുത്തികൊണ്ട്, വിശുദ്ധബൈബിളിനു വിരുദ്ധമായി, കാനോൻ നിയമവും രൂപതാനിയമങ്ങളും മെത്രാന്മാരായ നിങ്ങൾ സൃഷ്ടിച്ച് അവയിലൂടെ രൂപതകൾ തോറും “രഹസ്യവിവാഹം”‘ പ്രാബല്യത്തലാക്കി (കാനൻ.840, താമരശ്ശേരി രൂപതാ നിയമാവലി പേജ് 82, ക്രമനമ്പർ 402), പുരോഹിതർ അസാന്മാർഗിക ജീവിതത്തിൽ മുഴുകി ക്രിസ്തീയസഭയെ താങ്കളടക്കമുള്ള രൂപതാമെത്രാന്മാർ അപകീർത്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവുകളായി ബാലികാ ബാലന്മാരോടും യുവതീയുവാക്കളോടും കുടുംബിനികളോടും കന്യാസ്ത്രീകളോടും മെത്രാൻ-പുരോഹിതവർഗ്ഗം നടത്തികൊണ്ടിരിക്കുന്ന അവിഹിത ലൈംഗിക പീഡനസംഭവങ്ങൾ ഒന്നൊന്നായി വെളിച്ചത്തുവന്നിരിക്കുന്നത്.

ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങൾ പുരോഹിതവർഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെൻസ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല. നിങ്ങളുടെ തിന്മകളെയും അസാന്മാർഗ്ഗിക പ്രവൃത്തികളെയും മറ്റും നേരിടുകതന്നെ ചെയ്യും.

താങ്കളുടെ കീഴ്ജീവനക്കാരനും പൂവ്വാറൻതോട് സെന്റ് മേരീസ് പള്ളി വികാരിയുമായിരുന്ന ഫാ. ജോമോൻ കണ്ടത്തിൻകര കണ്ണോം സെന്റ് മേരീസ് പള്ളി അസ്സിസ്റ്റന്റ് വികാരിയായിരുന്ന കാലഘട്ടത്തിൽ കണ്ണോം എഫ്.സി. കോൺവെന്റിലെ 38 വയസ്സുള്ള കന്യാസ്ത്രീയുമായി അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുപോന്നു. ഫാ. ജോമോനിൽനിന്നും കന്യാസ്ത്രീ ഗർഭിണിയായി. പരസ്പരം വിവാഹിതരായി കുട്ടിയെ വളർത്തി മാതൃകാപരമായ കുടുംബജീവിതം നയിക്കാമെന്ന ധാരണയിൽ ഊഷ്മളമായ ലൈംഗികബന്ധത്തിലുണ്ടായ ഗർഭം അലസിപ്പിക്കാൻ ഇരുവർക്കും മനസ്സുവന്നില്ല. ഏഴെട്ടു മാസമായതോടെ കന്യാസ്ത്രീയുടെ ഗർഭലക്ഷണങ്ങൾ പൊതുജനസംസാരമായി. ഫാ. ജോമോനും ഗർഭം ചുമക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള വിവാഹവും മാതൃകാപരമായ കുടുംബജീവിതവും തടയുന്നതിനും ഫാ. ജോമോന്റെ അവിഹിത ലൈംഗികബന്ധം മറച്ചു വെക്കുന്നതിനും കന്യാസ്ത്രീയുടെ ഗർഭവിഷയം പുറത്തുവിടാതിരിക്കുന്നതിനും വേണ്ടി താങ്കൾ ഇടപെട്ടു. അരമനവാസികളായ വികാരി ജനറലും, രൂപതാ ധനകാര്യസ്ഥനും, അന്നത്തെ രൂപതാ ചാൻസലറും ഇന്ന് സീറോ-മലബാർ സഭയുടെ വൈസ് ചാൻസലറുമായ റവ.ഫാ. അബ്രഹാം കാവിൽപുരയിടവും ചേർന്ന് ഗർഭവതിയായ കന്യാസ്ത്രീയെയും ഫാ. ജോമോനെയും രഹസ്യത്തിൽ അരമനയിൽ എത്തിച്ചു. അവരിരുവരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ് ആയതിനുള്ള പ്രതിവിധികൾ താങ്കൾ കൽപ്പിച്ചശേഷം ഫാ. ജോമോനെ താങ്കളുടെതന്നെ കസ്റ്റഡിയിൽ സംരക്ഷിക്കുകയും ഗർഭവതിയായ കന്യാസ്ത്രീയെ ചക്കിട്ടപാറ എഫ്.സി. കോൺവെന്റിലേക്കും, അവിടെനിന്നു മാലാപ്പറമ്പിലുള്ള എഫ്.സി.സി പ്രൊവിൻഷ്യൽ ഹൗസായ അസ്സീസി ഭവനിലേക്കും, അവിടെനിന്ന് ‘പുരോഹിതരാൽ ഗർഭിണികളാകുന്ന കന്യാസ്ത്രീകളെ പാർപ്പിക്കുന്ന’ തൃശ്ശൂർ പല്ലഴിയിലുള്ള “സെന്റ് ക്രിസ്റ്റീന ഹോമി”ലേക്കും, അവിടെനിന്ന് എറണാകുളം നോർത്തിലുള്ള മദർതെരേസ കോൺവെന്റിലേക്കും, പ്രസവത്തിനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2016 ജൂലൈ 6-ാം തീയതി കന്യാസ്ത്രീ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് അനാഥത്വം കൽപ്പിച്ച്, സഭയുടെ വക അങ്കമാലി കറുകുറ്റിയിലുള്ള സെന്റ് നസ്രത്ത് ഹോമിലേക്ക് തള്ളി താങ്കൾ ആ കുഞ്ഞിനെ അനാഥയാക്കി. കുഞ്ഞിന്റെ മാതാപിതാക്കൾ അല്ലലില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കെ, കുഞ്ഞിന് അനാഥത്വം കൽപ്പിച്ച് അനാഥാലയത്തിൽ തള്ളിയ താങ്കളുടെ പ്രവൃത്തി ക്രൂരവും ദൈവതിരുമുമ്പിൽ കടുത്ത പാപവും ജനസമൂഹത്തിനു മുൻപിൽ നീതീകരിക്കാനാവാത്തതുമാണ്. കുഞ്ഞിന്റെ മാതൃത്വം പേറിയ കന്യാസ്ത്രീയെ നിർബന്ധപ്രകാരം കുഞ്ഞിൽനിന്നുമകറ്റിയ ഹീനമായ താങ്കളുടെ നടപടി ദൈവസ്നേഹത്തിനും പരസ്നേഹത്തിനും എതിരായ തിന്മയും മനുഷ്യത്വഹീനവുമാണ്. സന്മാർഗ്ഗജീവിതത്തിനും ധാർമ്മികമൂല്യങ്ങൾക്കും ക്രിസ്തീയ ആദർശങ്ങൾക്കും വിലകൽപ്പിക്കുന്ന മെത്രാനായിരുന്നു താങ്കളെങ്കിൽ, അവരെ മാതൃകാപരമായ ദാമ്പത്യജീവിതത്തിന് വിട്ടുകൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം താങ്കൾ മൂന്ന് മനുഷ്യജീവിതങ്ങളെ തല്ലിക്കൊഴിക്കുകയാണ് ചെയ്തത്. ഇത് താങ്കളിൽ കുടികൊള്ളുന്ന പൈശാചികതയുടെ വികൃതമുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫാ. ജോമോൻ കണ്ടത്തിൻകരയുടെ തിന്മകളെയെല്ലാം താങ്കൾ അനുഗ്രഹിച്ച് ആശിർവദിച്ചു കൊണ്ട് , അദ്ദേഹത്തെ ഹൈദരാബാദ് തുംഗു എന്ന സ്ഥലത്തുള്ള സീറോ-മലബാർ സഭയുടെ “മംഗള മാതാ റിന്യൂവൽ കേന്ദ്ര”ത്തിന്റെ ഡയറക്ടറും ഇടവക വികാരിയുമായി നിയമിച്ചിരിക്കുന്നതും യേശുക്രിസ്തുവിനോടും കൈ്രസ്തവ ജനസമൂഹത്തോടുമുള്ള നിന്ദനവും അവഹേളനവുമാണ്. മേൽവിവരിച്ച സംഭവങ്ങളിൽ ഫാ. ജോമോൻ കണ്ടത്തിൻകരയും കന്യാസ്ത്രീയും ചെയ്ത കുറ്റത്തേക്കാൾ കടുത്ത കുറ്റവാളി രൂപതാബിഷപ്പായ താങ്കൾതന്നെയാണ്; അതിനാൽ, മാന്യമായ മെത്രാൻപദവിയിൽ തുടരാൻ അർഹനല്ല.

ടി കാര്യങ്ങളിൽ എന്തെങ്കിലും വിശദികരിക്കാനുണ്ടെങ്കിൽ ആയത് ഏഴു ദിവസത്തിനകം രേഖാമൂലം, “കാത്തലിക് ലേമെൻസ് അസ്സോസിയേഷനെ’ അറിയിക്കണം. വിശദീകരണമൊന്നും നൽകാനില്ലെങ്കിൽ, താങ്കളുടെ തെറ്റുകൾക്ക് സഭാസമൂഹത്തോട് ഏഴു ദിവസത്തിനകം പൊതുമാപ്പ് പറയണം. ആയതിന് തയ്യാറല്ലാത്തപക്ഷം, പ്രസ്തുത കുറ്റകൃത്യങ്ങൾ “കാത്തലിക് ലേമെൻസ് അസ്സോസിയേൻ’ പൊതുസമൂഹത്തിനുമുമ്പിൽ കൊണ്ടുവരികയും നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കാത്തലിക് ലേമെൻസ് അസ്സോസ്സിയേഷനു വേണ്ടി,
സെക്രട്ടറി,
14-11-2020

പകർപ്പ് :

മേജർ ആർച്ചുബിഷപ്പ്,
സീറോ – മലബാർ സഭ,
സെന്റ് തോമസ് മൗണ്ട്, കാക്കനാട്,
എറണാകുളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close