കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രതിദിനകോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും പട്ടണത്തിലെ കേന്ദ്രീകരിച്ച് ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവന്നതിന്റെയും അടിസ്ഥാനത്തില്‍ പേരാമ്പ്ര പട്ടണത്തിലും മുഴുവന്‍ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന പഞ്ചായത്ത് തല ആര്‍ ആര്‍ ടി യോഗം തീരുമാനിച്ചു.
ഇന്ന് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ 26പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ ഉറവിടമറിയാത്ത 10 പേര്‍ പേരാമ്പ്ര പട്ടണവുമായി ബന്ധപ്പെടുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ആര്‍ ആര്‍ ടി യോഗം ചേര്‍ന്നത്.
ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ പേരാമ്പ്ര പട്ടണത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള മുഴുവന്‍ കടകളും അടച്ചിടുന്നതിനും തീരുമാനിച്ചു. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.
എല്ലാ വാര്‍ഡുകളിലും ഓരോ 20 വീടുകള്‍ കേന്ദ്രീകരിച്ച് ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്ക് ചുമതല നല്‍കി ശക്തമായി നിരീക്ഷിക്കുന്നതിനും തീരുമാനിച്ചു. യോഗ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് ജില്ലാ കലക്ടറുടെ സാധൂകരണത്തിനായി സമര്‍പ്പിക്കും.