കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്‌സും വ്യാഴാഴ്ച (22.10.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓണ്‍ലൈ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
1.70 കോടിയുടെ നവീകരണം…
വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍, ചുറ്റുമതില്‍നടപ്പാത നവീകരണം, പെയിന്റിങ് ജോലികള്‍, ദിശാ സൂചകം, അറിയിപ്പ് ബോര്‍ഡുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാളുകള്‍, പ്രവേശന കവാടം, പ്രതിമകള്‍മരങ്ങള്‍,ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങള്‍ എന്നിവക്ക് സ്‌പോട്ട്‌ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് പ്രവൃത്തികള്‍ തുടങ്ങിയവയാണ് നടപ്പാക്കിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നിര്‍വഹണം നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എംപി, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും.
വടകര സാന്റ് ബാങ്ക്‌സിന് 99.36 ലക്ഷം…
വിനോദ സഞ്ചാര വകുപ്പിന്റെ ‘ഗ്രീന്‍ കാര്‍പെറ്റ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018ല്‍ അനുവദിച്ച 99.36 ലക്ഷം ഉപയോഗിച്ചാണ് വടകര സാന്റ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രം നവീകരിച്ചത്. സിറ്റിംഗ് സ്‌റ്റോണ്‍ ബെഞ്ച്, വാട്ടര്‍ കിയോസ്‌ക്, സിസിടിവി, പബ്ലിക് അഡ്രസിങ് സിസ്റ്റം, റസ്റ്റ് റൂം നവീകരണം, സോളാര്‍ ലൈറ്റ്, കുട്ടികളുടെ പാര്‍ക്ക്, കളിക്കാനുള്ള ഉപകരണങ്ങള്‍, സെക്യൂരിറ്റി ക്യാബിന്‍, ലൈഫ് ഗാര്‍ഡുമാരുടെ സുരക്ഷാ ഉപകരണം സൂക്ഷിക്കാനുള്ള മുറി, പ്രവേശന കവാടം, റെയിന്‍ ഷെല്‍ട്ടര്‍ റൂഫിങ് നവീകരണം, ചുറ്റുമതില്‍, ഡസ്റ്റ് ബിന്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. സാന്റ് ബാങ്ക്‌സ് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, കെ മുരളീധരന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാകും.