localtop news

ഹോപ്പിന് വാഹനം; കാൻസർ ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി പ്രവാസികൾ.      

തലശ്ശേരി : അര്‍ബുദ ബാധിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹോപ്പിൻ്റെ കരങ്ങൾക്ക് കരുതലുമായി പ്രവാസി സംഘടന. മലബാർ കാൻസർ സെൻ്ററിന് സമീപം പ്രവർത്തിക്കുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്   വാഹനം നൽകിക്കൊണ്ട് അബുദാബി തലശ്ശേരി മുസ്ലീം വെൽഫെയർ ഫൗണ്ടേഷനാണ് സേവന പ്രവർത്തനങ്ങൾക്ക് തണലേകിയത്. മലബാർ കാൻസർ സെൻ്റർ ഡയരക്ടർ ഡോ.സതീശൻ ബാലസുബഹ്മണ്യം വാഹനത്തിൻ്റെ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കാൻസർ ബാധിതരായി മലബാർ കാൻസർ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഇപ്പോൾ തലശേരിയിലെ ഹോപ് സെൻ്ററിലുള്ളത്. ചികിത്സാവശ്യാർഥമുള്ള അവരുടെ യാത്രകൾക്ക് വാഹനം വലിയ ആശ്വാസമാവുമെന്ന് ഡോക്ടർ പറഞ്ഞു.
അബുദാബി തലശ്ശേരി മുസ്ലീം വെൽഫെയർ ഫൗണ്ടേഷൻ ചീഫ് അഡ്വൈസർ ഷാഫി. പി. പി യിൽ നിന്നും
വാഹനത്തിന്റെ താക്കോൽ
ഹോപ്പ് ബോർഡ്‌ ഡയറക്ടർ അഡ്വ. ഹാഷിം എറ്റുവാങ്ങി.  ജാവേദ് ഇക്ബാൽ, ഡോ. ജിതിൻ, ഡോ. ഗോപകുമാർ, ജാബിർ പി. ഒ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരുടെ ചികിത്സാ കാലഘട്ടത്തില്‍ നല്‍കേണ്ട പല വിധ ചികിത്സാ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ‘ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍’. കോഴിക്കോട് ആസ്ഥാനമായി 2016 ല്‍ പ്രവര്‍ത്തനമാരംഭിച്ച ‘ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍’ ഇന്ന് കേരളത്തിലെ നിരവധി അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സ്ഥാപനമായി നിലകൊളളുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close