KERALAPolitics

2016 ല്‍ വഖഫ് ബോര്‍ഡിലെ ചട്ടം തിരുത്തല്‍; ലീഗിന് തിരിച്ചടി

 

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് വഫഖ് ബോര്‍ഡും അതിന്റെ നിയമനിര്‍മ്മാണങ്ങളും സജ്ജീവ ചര്‍ച്ചയാകുന്നത്. 1954ല്‍ നിലവില്‍ വന്ന സെന്‍ട്രല്‍ വഖ്ഫ് ആക്ട് പ്രകാരം 1960 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1961 ലാണ് ബോര്‍ഡ് രൂപീകൃതമാകുന്നത്. 1965 ല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയമവ്യവസ്ഥകളുടെ ചര്‍ച്ചകള്‍ നടന്നെങ്കിലും 1995-ലെ 43-ാം ആക്റ്റ് പ്രകാരം കേരള വഖഫ് നിയമത്തിന് രൂപം നല്‍കുകയും 1996 ജനുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. വഖഫ് നിയമം അനുശാസിക്കുന്ന പ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി.

സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്നത്.

വഖ്ഫ് ബോര്‍ഡിന്റെ തസ്തികകളില്‍ അമുസ്ലിംകളെയോ മില്ലത്ത് അംഗീകരിക്കാത്തവരെയോ (പാരമ്പര്യം അംഗീകരിക്കാത്തവര്‍) ദൈവനിഷേധികളായ ജീവനക്കാരെയോ സ്വതന്ത്ര ചിന്തകരെയോ നിയമിക്കരുതെന്നാണ് ചട്ടം. എന്നാല്‍ 1965 മുതലുള്ള വഖ്ഫ് ബോര്‍ഡിലെ വ്യവസ്ഥകള്‍ പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെ രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് മാറ്റം വരുത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പിന്നീട് 2016ല്‍ പരമ്പരാഗത വിശ്വാസികളല്ലാത്തവര്‍ക്കും മത നിഷേധികള്‍ക്കും നിയമനം നല്‍കരുതെന്ന വഖ്ഫ് ബോര്‍ഡ് ചട്ടം തിരുത്തി. 2016 ജനുവരി 27നാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ (എം എസ്) നമ്പര്‍ 58/ 2016/ ആര്‍ ഡി പ്രകാരം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം വഖഫ് രാഷ്ട്രീയ ചര്‍ച്ച ആയിതിന് പിന്നില്‍ മുസ്ലീംലീഗിന്റെ നിലനില്‍പ്പിനേറ്റ വെല്ലുവിളിയാണെന്ന് എടുത്ത് പറയേണ്ട വസ്തുത തന്നെ. നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ മുസ്ലിം പേരുകളുള്ള ദൈവ നിഷേധികള്‍ വഖ്ഫ് ബോര്‍ഡിന്റെ ഉദ്യോഗസ്ഥ തലങ്ങളില്‍ എത്തുമെന്നതാണ് ഉയര്‍ത്തി കാട്ടുന്നതെങ്കിലും ബോര്‍ഡില്‍ ലീഗ് തുടരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെടുന്നതാണ് പ്രധാനവിഷയം. അതേസമയം ചടങ്ങില്‍ ഉള്‍പ്പെടുത്തിയ മാറ്റം ലീഗിന്റെ ഭരണക്കാലത്താണെന്നുള്ളതും മറ്റൊരു ചര്‍ച്ചയ്ക്ക് ഇടയാക്കുന്നുണ്ട്.

വഖ്ഫ് ബോര്‍ഡ് നിയമന വിഷയത്തെ മുന്‍നിര്‍ത്തി കേരളത്തിലെ മതനിരപേക്ഷ മനസ്സുകളില്‍ വിഷം കുത്തിവെക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close