തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത്. ശോഭാ സുരേന്ദ്രന് പിന്നാലെ ബി ജെ പി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനാണ് രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ സുരേന്ദ്രന്‍ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നാണ് ആരോപണം. സുരേന്ദ്രന്‍ നേതൃത്വത്തിലേക്ക് വരുന്നതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, തന്നെയും കെ പി ശ്രീശനെയും തല്‍സ്ഥാനത്ത് നിലനിര്‍ത്താം എന്ന വാക്ക് സുരേന്ദ്രന്‍ തെറ്റിച്ചു. പുതിയ ആളുകള്‍ വരുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ തഴയുന്ന രീതിയാണുള്ളതെന്നും ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണെന്നും പി എം വേലായുധന്‍ വെളിപ്പെടുത്തി.
പാര്‍ട്ടി പുന:സംഘടനയിലുള്ള അതൃപ്തി തുറന്നടിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ തുറന്നടിച്ചിരുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും ആരോപിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് പുന:സംഘടന നടന്നതെന്നും പൊതുപ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു. ബി ജെ പിയിലെ പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ തഴഞ്ഞ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.