KERALAlocaltop news

പുതുപ്പാടി നാക്കിലമ്പാട് കോളനിയിലെ ജീർണിച്ച വീടുകൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : പുതുപ്പാടി നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകർന്നു വീഴാറായ വീടുകൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ കളക്ടർക്കും ജില്ലാ പട്ടികജാതി – പട്ടികവർഗ ഓഫീസർക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

തകർന്ന് വീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഒന്നിനും വാതിലുകളില്ല. ചോർച്ച കൂടിയതോടെ ടാർപ്പായ കൊണ്ട് മേൽക്കൂര മറച്ചാണ് താമസക്കാർ കഴിയുന്നത്. വരാന്തയ്ക്ക് മുന്നിൽ ചവിട്ടുപടി ഇല്ലാത്തതു കാരണം വയോധികർ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. വാട്ടർ ടാങ്ക് ഉണ്ടെങ്കിലും പൈപ്പ് കണക്ഷനില്ല. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയൽ കക്കാട് പ്രദേശത്താണ് ആദിവാസി കോളനിയുള്ളത്. പണിയ സമുദായത്തിൽപെട്ടവർ താമസിക്കുന്ന ഇവിടെ വർഷങ്ങൾക്കു മുമ്പ് പണിത പത്തു വീടുകളും തകർച്ചയുടെ വക്കിലാണ്. പണം അടയ്ക്കാത്തതു കാരണം വീടുകളിലേയ്ക്കുള്ള വൈദ്യുതി കണക്ഷൻ റദ്ദാക്കി. സർക്കാരിന്റെ ഭവന പദ്ധതിക്ക് വർഷങ്ങളായി അപേക്ഷ നൽകുന്നുണ്ടെങ്കിലും ഇവർ പരിഗണിക്കപ്പെട്ടിട്ടില്ല. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കുമായി ഉള്ളത് പട്ടികവർഗ വികസന വകുപ്പ് മൂന്നു ലക്ഷം മുടക്കി നിർമ്മിച്ച ഒരേയൊരു ശൗചാലയമാണ്. ശൗചാലയത്തിലേയ്ക്ക് ആവശ്യമുള്ള വെള്ളം പൊതു കിണറിൽ നിന്നും കോരണം. കോളനിയിൽ വാഹനമെത്താൻ റോഡില്ലാത്തതിനാൽ രോഗികളെ എടുത്തു കൊണ്ടു പോകണം. തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ പഞ്ചായത്തോ, പട്ടികവർഗ വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ കഴിയില്ലെന്നും പുതിയവ നിർമ്മിക്കണമെന്നും പട്ടിക വർഗ ക്ഷേമ വകുപ്പ് അധികൃതർ അറിയിക്കുന്നു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെപ്തംബറിൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close