കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ സന്യാസി ശിഷ്യൻമാരിൽ പ്രഥമഗണനീയനായ ചൈതന്യ സ്വാമികൾ ഗുരുവിന് വേണ്ടി ആത്മസമർപ്പണം ചെയ്ത ധിഷണാശാലിയും അസാമാന്യമായ ആദ്ധ്യാത്മിക ചൈതന്യം സ്ഫുരിച്ച സന്യാസിശ്രേഷ്ഠനുമായിരുന്നെന്ന്
മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു.ചൈതന്യ സ്വാമികൾ സ്ഥാപിച്ച വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ ശതാബ്ദി ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദി ലോഗോ കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
വരേണ്യ കുടുംബത്തിൽ ജനിച്ചിട്ടും അടിച്ചമർത്തപ്പെട്ട ജനസമൂഹത്തിൻ്റെ അഭ്യുന്നതിക്ക് വേണ്ടി ജീവിതം സമർപ്പിച്ച യോഗിവര്യനായിരുന്ന ചൈതന്യ സ്വാമികളുടെ മഹത്വവും ചരിത്രവും പൊതു സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്നും ഗുരു വരാശ്രമത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് സ്വാമി കളുടെ ജീവിതവും സന്ദേശവും പ്രചരിപ്പിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തെയ്യാറാകണമെന്നും ഗവർണർ പറഞ്ഞു.
ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വാഗതം പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ അഡ്വ എം.രാജൻ, ബി ജെ പി സംസ്ഥാന കൗൺസിലംഗം പി എം ശ്യാം പ്രസാദ് കേരള കൗമുദി യൂണിറ്റ് ചീഫ് ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ കൃതജ്ഞത രേഖപ്പെടുത്തി.