കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് ബാധിച്ച യുവതിയെ മുകള്‍ നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അത്തോളി പോലീസ് കഴിഞ്ഞ ദിവസം തന്നെ യുവതിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളും പിന്നീട് കൊവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയിലെത്തി. പിതാവിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ കഴിയാനുള്ള സൗകര്യം യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ആശുപത്രി രജിസ്റ്ററില്‍ നിന്ന് യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ അശ്വിന്‍ വാട്‌സാപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. യുവതി ഡോക്ടര്‍മാരോട് പരാതി അറിയിച്ചതിന് പിന്നാലെയാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ അശ്വിന്‍ ഡോക്ടറുടെ അടുത്തേക്കെന്ന് പറഞ്ഞ് ആളൊഴിഞ്ഞ നാലാമത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇവിടെ വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.