KERALAtop news

ശബരിമലയുടെ പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും

ശബരിമല:  സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും.
കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.
പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close