KERALAtop news

പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനത്തിന് ഷവര്‍ സംവിധാനം

പമ്പ: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് പമ്പ ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ സ്നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഏര്‍പ്പെടുത്തിയത്.
മൂന്നു യൂണിറ്റുകളിലായി 60 ഷവറുകളാണു സജ്ജമാക്കുന്നത്. ഒരു യൂണിറ്റിലെ 20 ഷവറുകളുടെ നിര്‍മാണം തുലാമാസ പൂജകള്‍ക്ക് മുന്‍പായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. മറ്റു രണ്ട് യൂണിറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആദ്യ ഷവര്‍ യൂണിറ്റിന്റെ നിര്‍മാണ ചെലവ് ഏഴേകാല്‍ ലക്ഷം രൂപയാണ്. അവശേഷിക്കുന്ന രണ്ടു യൂണിറ്റുകള്‍ക്ക് 20 ലക്ഷത്തോളം രൂപയാണു നിര്‍മാണ ചെലവ്.
പമ്പ ത്രിവേണിയില്‍ ദേവസ്വം ബോര്‍ഡ് ടോയ്ലറ്റ് ബ്ലോക്കിന്റെ അടുത്തായി പ്രധാന പാതയോട് ചേര്‍ന്നാണ് ഷവര്‍ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്ഥലം നല്‍കിയത് പ്രകാരം മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഷവറുകള്‍ നിര്‍മിക്കുന്നത്. വാട്ടര്‍ അതോറിട്ടിയാണ് ഷവറുകളിലേക്ക് വെള്ളമെത്തിക്കുന്നത്. ഉപയോഗ ശേഷമുള്ള മലിനജലം പമ്പയാറ്റിലേക്ക് ഒഴുകുന്നത് ഒഴിവാക്കി അവ സോക്ക്പിറ്റിലേക്ക് പമ്പ് ചെയ്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ എത്തിക്കും. ദേവസ്വം ബോര്‍ഡിന്റെ പരിസ്ഥിതി വിഭാഗത്തിനാണ് ഇതിന്റെ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close